14 November Wednesday
മേരിടീച്ചറുടെ കൊലപാതകം

പ്രതികൾക്കെതിരെ പ്രതിഷേധം രൂക്ഷം; കനത്ത സുരക്ഷയിൽ പൊലീസ് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പാംപ്ലാനിയിൽ മേരി ടീച്ചറെ കൊന്ന കേസിലെ പ്രതികളെ ചരളിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

 ഇരിട്ടി

കരിക്കോട്ടക്കരി ഹൈസ‌്കൂൾ അധ്യാപിക ചരളിലെ പാംപ്ലാനിയിൽ മേരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നാട്ടുകാരുടെ  രോഷം.   കൈയേറ്റത്തിന് മുതിർന്നും കൂവി വിളിച്ചും പ്രതികരിച്ച നാട്ടുകാരെ  നിയന്ത്രിച്ച് പൊലീസ് ഒന്നാം ഘട്ട തെളിവെടുപ്പ് നടത്തി. ടീച്ചറുടെ ഭർത്താവ്   പാംപ്ലാനിയിൽ സാബു ജേക്കബ്, തമിഴ്‌നാട്ടുകാരായ രവികുമാർ, ഗണേശ് എന്നിവരെയാണ് ഇരിട്ടി സി ഐ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്. രാവിലെ പത്തരയോടെ  പ്രതികളുമായി പൊലീസ് ചരളിൽ മേരി കൊല്ലപ്പെട്ട വീട്ടിലെത്തി. ഇതറിഞ്ഞ് നൂറ്കണക്കിനാളുകൾ നേരത്തെ തടിച്ചു കൂടി. പ്രതികളെ ജീപ്പിൽ നിന്നിറക്കുമ്പോഴും തിരികെ പോകുമ്പോഴും ജനം കൈയേറ്റത്തിന് ശ്രമിച്ചു.  
ടീച്ചറുടെ മൃതദേഹം കണ്ടെടുത്ത കിണർ പൊലീസ് പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. വീട്ടുപരിസരത്തും തെളിവെടുപ്പ് നടത്തി. ഡിവൈഎസ‌്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വ്യാഴാഴ‌്ചയാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ രവികുമാർ, ഗണേഷ് എന്നിവരെ ക്വട്ടേഷൻ നൽകിയെത്തിച്ച് ഭർത്താവ് സാബുവും ചേർന്ന‌് ടീച്ചറെ കിണറ്റിലെറിഞ്ഞ് കൊന്നുവെന്നാണ് കേസ്.  കിണറിന്റെ പടവുകൾ പിടിച്ച് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിന് സമ്മതിക്കാതെ ഗണേശനെ കിണറ്റിൽ ഇറക്കി ടീച്ചറുടെ തലമുടിയിൽ പിടിച്ച് കിണറ്റിൽ മുക്കി  കൊല്ലുകയുമായിരുന്നുവെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
പ്രധാന വാർത്തകൾ
Top