18 November Sunday

അയ്യങ്കുന്നിൽ നൂറിലധികം വീടുകൾ തകർന്നു; 150 ഹെക്ടറിലേറെ സ്ഥലത്ത‌് നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 

കണ്ണൂർ 
 അയ്യങ്കുന്ന‌് പഞ്ചായത്തിൽ നൂറിലധികം വീടുകൾ നശിച്ചതായും 150 ഹെക്ടറിലധികം സ്ഥലത്ത് നാശനഷ്ടമുണ്ടായതായും പ്രാഥമിക കണക്കുകൾ. പഞ്ചായത്തിൽ ചേർന്ന സർവകക്ഷി അവലോകന യോഗമാണ് നഷ്ടം വിലയിരുത്തിയത്. പ്രാഥമിക പരിശോധനയിൽ രണ്ട് കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. 50 കിലോമീറ്ററോളം ദൂരത്തിൽ 38 റോഡുകളും നാല് പാലങ്ങളും തകർന്നു. കുരിയിക്കൽ പാലം, കളപ്പുര പാലം, സെൻറ് ജൂഡ് കുണ്ടൂർ പുഴപ്പാലം, അങ്ങാടിക്കടവ് വാലൻകരി പാലം എന്നിവയാണ് തകർന്നത്. മുരിക്കുംകരി, പാറക്കാമല, കുന്നുമ്മൽ ജങ‌്ഷൻ, കമ്പനി നിരത്ത്, കന്നുതൊട്ടി ജങ‌്ഷൻ, വാളത്തോട് പുഷ്പഗിരി, പാറക്കപ്പാറ ടഫറേൽ, പാറക്കപ്പാറ കൂമൻതോട് കുരിശുമല തുടങ്ങി ഒമ്പത് കലുങ്കുകളും രണ്ട് അങ്കണവാടികളും ചുറ്റുമതിലുകളും  17 ഓളം തടയണകളും കിണറുകളും നശിച്ചു. 25 പേർക്ക് വീട് നഷ്ടപ്പെട്ടു. 37 പേരുടെ വീട് ഭാഗികമായി നശിച്ചു. ഉരുൾ പൊട്ടൽമൂലം 14 വീടുകൾ തകർച്ചാ ഭീഷണി നേരിടുന്നു. മണ്ണിടിച്ചിൽമൂലം 22 വീടുകൾ അപകടാവസ്ഥയിലാണ്. റോഡുകളുടെ പുനർനിർമാണത്തിനായി മാത്രം  പഞ്ചായത്തിൽ അഞ്ചര കോടിയിലേറെ രൂപ വേണമെന്നാണ് വിലയിരുത്തൽ . രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 90 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 331 പേരാണ് ഇവിടെ കഴിയുന്നത്.
പ്രധാന വാർത്തകൾ
Top