21 September Friday

വയനാട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

മാനന്തവാടി‐തലശേരി അന്തർസംസ്ഥാന പാതയിൽ പേര്യ ചുരത്തിൽ 37ൽ റോഡ‌് ഇടിഞ്ഞ നിലയിൽ

 

സ്വന്തം ലേഖകൻ
കൽപ്പറ്റ
കനത്ത മഴയിൽ മണ്ണിടിഞ്ഞും വെള്ളം കയറിയും  വയനാട്ടിലേക്കുള്ള ഗതാഗതം വെള്ളിയാഴ്ചയും സ്തംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചുരങ്ങളിലുണ്ടായ ഗതാഗത തടസ്സം ഇനിയും പൂർണമായി പരിഹരിക്കാനായിട്ടില്ല.  താമരശേരി, കുറ്റ്യാടി, പേര്യ, കൊട്ടിയൂർ‐പാൽച്ചുരം, നാടുകാണി തുടങ്ങിയ ചുരങ്ങളിലൂടെയാണ് വയനാട്ടിലേക്കുള്ള ഗതാഗതം. ഇവയിൽ താമരശേരിയിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കുറ്റ്യാടി വഴി ചെറു വാഹനങ്ങൾ വെള്ളിയാഴ്ച കടത്തിവിട്ടെങ്കിലും വലിയ വാഹനങ്ങൾ പോകാൻ തുടങ്ങിയിട്ടില്ല. മഴ മാറിയാൽ ശനിയാഴ്ച ബസ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് അധികൃതർ. മാനന്തവാടി‐തലശേരി റൂട്ടിലുള്ള പേര്യ ചുരത്തിൽ 37ൽ  പ്രധാന നിരത്തിന്റെ പകുതിയോളം ഇടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പാൽച്ചുരം ദിവസങ്ങൾക്കു മുമ്പ് അടച്ചതിനാൽ ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പേര്യ‐നിടുമ്പൊയിൽ‐പേരാവൂർ വഴിയാണ് പോകാറുണ്ടായിരുന്നത്. 
കൊട്ടിയൂർ‐പാൽച്ചുരത്തിൽ നിരവധിയിടങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ഉരുൾപൊട്ടി റോഡ് പിളർന്നു. കൊട്ടിയൂർ, പേര്യ ചുരം വഴിയുള്ള ഗതാഗതം നിലച്ചതോടെ കണ്ണൂരിൽനിന്ന‌് വയനാട്ടിലേക്കുള്ള യാത്ര പൂർണമായും നിലച്ചു. ഇരിട്ടി‐മാക്കൂട്ടം ചുരം വഴിയുള്ള ഗതാഗതം നിലച്ചതിനാൽ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് പേര്യചുരം വഴിയായിരുന്നു പോയിരുന്നത്. ഇനി അതിനും കഴിയില്ല. 
ഗൂഡല്ലൂർ‐നിലമ്പൂർ‐വയനാട് അന്തർസംസ്ഥാന പാതയിലെ നാടുകാണി ചുരത്തിൽ താഴെ നാടുകാണിയിൽ റോഡ് നൂറു മീറ്റർ നീളത്തിൽ പിളർന്നു. ഈ ചുരത്തിലൂടെ ഭാഗികമായി മാത്രമാണ് ഗതാഗതം. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈ പാതയിൽ നിരോധിച്ചു. ഗൂഡല്ലൂർ‐ബത്തേരി അന്തർസംസ്ഥാന പാതയിലെ നെല്ലാക്കോട്ടക്ക് സമീപത്ത് നടുറോഡിൽ വിള്ളലുണ്ട്. 
കൽപ്പറ്റ‐മാനന്തവാടി പാതയിൽ പായോടിൽ റോഡിൽ വെള്ളം കയറിയതിനാൽ നാലാംമൈൽ വഴി കൽപ്പറ്റയിലേക്കും  കുറ്റ്യാടി ഭാഗത്തേക്കുമുള്ള ബസ് ഓട്ടവും നിലച്ചു. ചെറിയ വാഹനങ്ങൾ പായോട്കുന്ന് കയറി  അമ്പലവയൽ  തോണിച്ചാൽ വഴി കടന്നുപോകുന്നുണ്ട്.
പ്രധാന വാർത്തകൾ
Top