22 November Thursday

വോളിയിലെ ഭാവി വാഗ‌്ദാനം അനഘയ്‌ക്ക്‌ ഡിവൈഎഫ്‌ഐ വീട്‌ നിർമിച്ച്‌ നൽകും

സ്വന്തം ലേഖകൻUpdated: Wednesday Jul 18, 2018
ഇരിട്ടി
ഇന്ത്യൻ വോളിടീമിന്റെ ഭാവിവാഗ്‌ദാനമായ അനഘ രാധാകൃഷ‌്ണന്‌ ഡിവൈഎഫ്‌ഐ  നേതൃത്വത്തിൽ വീട്‌ നിർമിച്ച്‌ നൽകും. ഉളിക്കൽ വയത്തൂർ സ്വദേശിനിയാണ‌് അനഘ.ഇരിട്ടിയിൽ നടക്കുന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളന ത്തോടനുബന്ധിച്ചാണ്‌ വീട്‌ നിർമിക്കുന്നത്‌. 
 വോളികോർട്ടിൽ എതിരാളിയുടെ കരുത്തേറിയ സ‌്മാഷുകൾക്ക‌് മുന്നിൽ അനഘ രാധാകൃഷ‌്ണന്റെ പ്രതിരോധം പിഴക്കാറില്ല. ഈയിടെ തായ‌് ലൻഡിൽ നടന്ന പ്രിൻസസ‌് കപ്പിന‌്  വേണ്ടിയുള്ള രാജ്യാന്തര വോളിയിൽ(അണ്ടർ 17) വോളിലോകം അനഘയുടെ ബ്ലോക്കിന്റെ കരുത്തറിഞ്ഞു. ഇന്ത്യൻ ജൂനിയർ ടീമിനെ ഒന്നാമതെത്തിച്ചതിൽ മുഖ്യ പങ്ക‌് വഹിച്ചതും കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിലെ ഈ മിന്നുംതാരം.
 കലാശക്കളിയിൽ തായ‌് ലൻഡിനോട‌് പൊരുതി തോറ്റുവെങ്കിലും രാജ്യത്തിന്റെ വോളിമികവിലേക്ക‌് പ്രതീക്ഷയുടെ രണ്ടാം സ്ഥാനം ഇന്ത്യക്ക‌് നേടാനായി. ഒപ്പം പ്രിൻസസ‌് കപ്പിൽ ഏറ്റവും മികച്ച ബ്ലോക്കറുമായും തെരഞ്ഞെടുക്കപ്പെട്ടു. കരുന്നിലേമുതൽ പന്ത‌് കളിച്ച‌് നേടിയ പൊന്നുമോ‌ളുടെ ബഹുമതി പത്രങ്ങളും പതക്കങ്ങളും ട്രോഫികളും സൂക്ഷിക്കാനൊരിടംപോലുമില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലാണ‌് അനഘയുടെ അമ്മയും രണ്ട‌് സഹോദരങ്ങളുമടങ്ങിയ കുടുംബം കഴിയുന്നത്. കൂലിപ്പണിക്ക‌് പോയി കിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ‌്   ജീവിതം. വീട‌് പുതുക്കിപ്പണിയാനോ പുതിയ വീട‌് നിർമിക്കാനോ കഴിയാത്ത അവസ്ഥ. 
ചേച്ചി ആതിര സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരി. അനിയൻ അക്ഷയ‌് ഒമ്പതാം ക്ലാസിൽ. അച്ഛൻ രാധാകൃഷ‌്ണനും കൂലിപ്പണിയാണ‌് .കായികാധ്യാപകൻ ബെഞ്ചമിന്റെ ശിക്ഷണം വഴികാട്ടിയപ്പോൾ കണ്ണൂർ സ‌്പോർട‌്സ‌് ഡിവിഷനിൽ എത്തി. പ്ലസ‌് വൺ വിദ്യാർഥിയാണ‌്.  കോച്ച‌് ജിനി വർഗീസിന്റെ ശിക്ഷണത്തിലാണ‌് ദേശീയ, രാജ്യാന്തര മത്സരങ്ങളിലേക്കുള്ള ഈ പതിനഞ്ചുകാരിയുടെ കുതിപ്പ‌്. 
ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ഉളിക്കൽ വീട്‌ നിർമാണകമ്മിറ്റി യോഗം ചേരും. 
 
പ്രധാന വാർത്തകൾ
Top