21 May Monday

മുതല്‍ക്കൂട്ടായി ജനഹിതമറിഞ്ഞ പദ്ധതികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

ഹരിത വിവാഹച്ചടങ്ങിനുള്ള നഗരസഭയുടെ സമ്മാനവിതരണം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.

മട്ടന്നൂര്‍ > സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതി ഭാവനാപൂര്‍ണമായി നടപ്പാക്കാനായത് നഗരസഭാ ഭരണസമിതിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്. വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വീടുകളിലും  വരെ ഹരിതകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, പ്രധാനാധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുടെ യോഗംവിളിച്ച് ചര്‍ച്ചചെയ്താണ് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഹരിതവാര്‍ഡ് സഭകള്‍ ചേര്‍ന്ന് ശുചിത്വകമ്മിറ്റി രൂപീകരിച്ചു. 
വിവാഹം, ഗൃഹപ്രവേശം തുടങ്ങി പൊതുചടങ്ങളുടെ ഭാഗമായുണ്ടാകുന്ന മാലിന്യം ഒഴിവാക്കാന്‍ ജൈവവും ഹരിതവുമായ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ നഗരസഭാ നേതൃത്വം നല്‍കി. പന്തല്‍ മുതല്‍ ബൊക്കെയും മാലയും വരെ പ്ളാസ്റ്റിക് ഒഴിവാക്കി ജൈവഹരിത വിവാഹച്ചടങ്ങുകള്‍ നടത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു. നഗരസഭ രൂപീകരിച്ച സമിതി വിവാഹച്ചടങ്ങിനെത്തി പരിശോധിച്ച് ഓരോമാസവും ഒന്നാംസ്ഥാനക്കാരെ കണ്ടെത്തി. തുടര്‍ന്ന്  ദമ്പതികള്‍ക്ക് സ്വര്‍ണവള സമ്മാനമായി നല്‍കി. ഫാത്തിമ ഗോള്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി. തദ്ദേശ മന്ത്രി ഡോ. കെ ടി ജലീലാണ് ഹരിതവിവാഹ പദ്ധതിയുടെ  സമ്മാനവിതരണം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന മൂന്ന് ഹരിതവിവാഹച്ചടങ്ങളിലെ ഒന്നാംസ്ഥാനക്കാര്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയനും ദമ്പതികള്‍ക്ക് കൈമാറി. 
വീടുകള്‍ മാലിന്യ കേന്ദ്രങ്ങളാകുന്നതൊഴിവാക്കാന്‍ നടത്തിയ സ്വാപ് മേളയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉപയോഗിക്കാത്തതും എന്നാല്‍ ഉപയോഗ യോഗ്യവുമായ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ ഓരോ വാര്‍ഡില്‍നിന്നും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൌജന്യമായി നല്‍കാനാണ്  ലക്ഷ്യമിട്ടത്. നഗരസഭയുടെ പുതിയ ഷോപ്പിങ് കോംപ്ളക്സിന്റെ സെല്ലാറില്‍ സംഘടിപ്പിച്ച സ്വാപ് മേളയിലേക്ക് തുണിത്തരങ്ങളും പാത്രങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് എത്തിയത്. നിരവധിപേര്‍ക്ക് ഇവ സൌജന്യമായി വിതരണം ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരസഭ നടത്തിയ സ്വാപ് മേളയുടെ ചുവട് പിടിച്ച് വിദ്യാലയങ്ങളും മേള നടത്തി. ബോള്‍പേന ഉപേക്ഷിക്കാനും മഷിപ്പേന ഉപയോഗിക്കാനും വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. ഹരിതകരളം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ സ്കൂളുകള്‍ക്ക് ഹരിതമിത്ര അവാര്‍ഡും ക്യാഷ്പ്രൈസും നല്‍കി. 
ഓണത്തിന് ഒരുപറ നെല്ല്, ഒരുമുറം പച്ചക്കറി പദ്ധതിയും കൃഷിഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കി. നാലാങ്കേരിയിലെ 16 ഏക്കറിലാണ് ജൈവപച്ചക്കറി കൃഷിയാരംഭിച്ചത്.  ഇ പി ജയരാജന്‍ എംഎല്‍എയാണ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തത്. പൊറോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ 50 സെന്റില്‍ നെല്‍കൃഷിയും ആരംഭിച്ചു. ഡെങ്കിപ്പനി പടര്‍ന്നപ്പോള്‍ നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത് നൂറില്‍ നൂറ് മാര്‍ക്കാണ്. മട്ടന്നൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ അതിനെ നഗരസഭയ്ക്കെതിരെയുള്ള ആയുധമാക്കാനുള്ള ഗൂഢശ്രമമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തിയത്. 
ഡെങ്കിപ്പനി ബാധിച്ച് മരണമുണ്ടായെന്ന വ്യാജവാര്‍ത്തയും സൃഷ്ടിച്ചു. ഹൃദ്രോഗബാധിതനായി വ്യാപാരി മരിച്ചപ്പോള്‍ അതിനെ ഡെങ്കപ്പനിമരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്ന് കള്ളക്കഥ ചമച്ചു. പക്ഷേ സത്യം തുറന്നുപറയാന്‍ ഒടുവില്‍ മരിച്ചയാളുടെ കുടുംബം രംഗത്തെത്തി.  ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ നഗരസഭ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 
ആരോഗ്യബോധവല്‍ക്കരണ ക്ളാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബഹുജന ശുചീകരണം, പ്രതിരോധമരുന്ന് വിതരണം, ശുചിത്വ ഹര്‍ത്തല്‍ എന്നിങ്ങനെ നീളുന്നു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളെ സംയോജിപ്പിച്ചായിരുന്നു പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെല്ലാം. 
വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ ബുധനാഴ്ചകളില്‍ ഉച്ചവരെ നടത്തിയ ശുചിത്വ ഹര്‍ത്താലും ശുചീകരണവും മാതൃകാപരമാണ്. നിരന്തര പരിശ്രമത്തിലൂടെ കൊതുക് വ്യാപനത്തെ ഒരളവോളം തടയാനായതും നഗരസഭയുടെ നേട്ടമാണ്. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പനി ക്ളിനിക്ക് ആരംഭിക്കുകയും പുതുതായി മൂന്ന് ഡോക്ടര്‍മാരെയും  ലബോറട്ടറിയിലും ഫാര്‍മസിയിലും അധിക ജീവനക്കാരെയും നിയമിച്ച് പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനായി. 
 
(ഫയല്‍ ചിത്രം). 
പ്രധാന വാർത്തകൾ
Top