കണ്ണൂര്‍ > പാല് ഉല്പാദനത്തില് കണ്ണൂര്‍ ജില്ല സ്വയംപര്യാപത്തയ്ക്ക് അരികെ. കന്നുകാലികളുടെ എണ്ണം കുറയുമ്പോഴും ഉല്പാദനക്ഷമതയിലുണ്ടായ കുതിച്ചുചാട്ടവും ഭവനാപൂര്‍ണമായ പദ്ധതികളുമാണ് ജില്ലയെ സമീപകാലത്തെ ഏറ്റവും തിളക്കമുള്ള കാര്‍ഷിക നേട്ടത്തിലേക്ക് നയിക്കുന്നത്. 6,30000 ലിറ്ററാണ് ജില്ലയിലെ പ്രതിദിന പാല് ഉപഭോഗം. ജില്ലയിലെ 155 ക്ഷീരസംഘങ്ങളിലൂടെ ജില്ലയില്‍ ജൂണ്‍ മാസം ശരാശരി 1,38,000 ലിറ്റര്‍ പാല് പ്രതിദിനം സംഭരിച്ചിട്ടുണ്ട്. സംഘങ്ങളിലൂടെയല്ലാതെ ഇതിന്റെ മൂന്നിരട്ടി പാല് വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ഇപ്പോള്‍ പതിനായിരം ലിറ്റര്‍ പാലാണ് വയനാട് ഉള്‍പ്പടെയുള്ള സമീപജില്ലകളില്‍നിന്ന് ജില്ലയിലെത്തുന്നത്്. 2017 ഡിസംബറിനകം പൂര്‍ണതോതില്‍ സ്വയംപര്യാപ്തത കൈവരുമെന്നാണ് ക്ഷീരവികസനവകുപ്പിന്റെ വിലയിരുത്തല്‍. എണ്‍പതിനായിരം പശുക്കളും അഞ്ഞൂറില്‍ താഴെ എരുമകളുമാണ് ജില്ലയില്‍ ഉള്ളതത്. രണ്ടുവര്‍ഷം മുമ്പ് 83000 പശുക്കള്‍ ഉണ്ടായിരുന്നതാണ് കുത്തനെ കുറഞ്ഞത്.
പാല് ഉല്പാദനം ലാഭകരല്ലാത്ത സാഹചര്യത്തില്‍ പശുവളര്‍ത്തലില്‍നിന്ന് കര്‍ഷകര്‍ ഇടക്കാലത്ത് കൂട്ടത്തോടെ പിന്‍വലിഞ്ഞിരുന്നു. ഉല്പാദനക്ഷമതയുള്ള പശുക്കള്‍ കൂടുതലായി എത്തിയതും തദ്ദേശസ്ഥാപനങ്ങളും ക്ഷീരവികസന വകുപ്പും നടപ്പാക്കിയ ഭാവനാപൂര്‍ണമായ പദ്ധതികളുമാണ് പാല് സ്വയം പര്യാപ്തതയിലേക്ക് ജില്ലയെ കൈപിടിച്ചുയര്‍ത്തുന്നത്. ജൈവകൃഷിക്ക് ലഭിച്ച പ്രോത്സാഹനവും ക്ഷീരമേഖലക്ക് തുണയായി.
ഗുണനിലവാരമനുസരിച്ച് 33-34 രൂപ ലിറ്ററിന് വിലയായി മാത്രം ലഭിക്കുന്നുണ്ട്. മില്‍മ പാല് വില വര്‍ധിപ്പിച്ചതിലൂടെ ഫെബ്രുവരി മുതല്‍ കര്ഷകന് 3.5 രൂപ അധിക വിലയായി ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ലിറ്ററിന് മൂന്നുരൂപയും ക്ഷീരവകുപ്പ് ഒരു രൂപയും അധികസഹായമായി നല്‍കുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് നാല്പത് രൂപയോളം ലഭിക്കാന്‍ തുടങ്ങിയയേതാടെ പശുവളര്‍ത്തല്‍ ആകര്‍ഷകമായ തൊഴിലായി മാറിയതായാണ് വിലയിരുത്തല്‍. ഈ ആനുകൂല്യങ്ങളെല്ലാം കര്‍ഷകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് എത്തുകയാണ്.
കന്നുകാലികളുടെ എണ്ണം കുറഞ്ഞിട്ടും പാല് ഉല്പാദനം വര്‍ധിക്കാന്‍ ഫാമുകള്‍ വ്യാപകമായത് കാരണമായി. നൂറിലേറെ പശുവുള്ള ഒരു ഫാമും 50 ലേറെ പശുവുള്ള രണ്ടുഫാമും ഇരുപതിനും അന്പതിനും ഇടയില്‍ പശുവുള്ള 16 ഫാമും ജില്ലയിലുണ്ട്. 11-20 പശുവുള്ള 59 ഫാമും അഞ്ചിനും പത്തിനും ഇടയില്‍ പശുവുള്ള 350 ഫാമും പ്രവര്‍ത്തിക്കുന്നുണ്ട്. ആധുനിക സംവിധാനങ്ങളുള്ള ഫാമുകള്‍ക്ക് ഉയര്‍ന്ന ഉല്പാദനക്ഷമതയുണ്ട്.
ജില്ലാ പഞ്ചായത്ത് കന്നുകാലി മേഖലയുടെ വികസനത്തിനായി ഒരുകോടി രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഉല്പാദനക്ഷമതയുള്ള കന്നുകാലികളെ കൊണ്ടുവരുന്ന മില്‍ക് ഷെഡ് പദ്ധതിക്ക് മാത്രമായി ഒന്നരക്കോടി രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. പത്തുപശുക്കള്ക്കും അനുബന്ധ സൌകര്യങ്ങള്‍ക്കുമായി മൂന്നരലക്ഷം രൂപയാണ് സബ്സിഡിയായി നല്‍കുന്നത്. ഒരു പശുവിനെ വാങ്ങാന്‍ മാത്രം 34000 രൂപ സബ്സിഡി ലഭിക്കും.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ക്ഷീരമേഖലയിലെ സ്വയംപര്യാപത്തയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് അധികവില നല്കാന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. തലശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് ബ്ളോക്കുകളിലും ആലക്കോടും നടപ്പാക്കുന്ന ഊര്‍ജിത മില്‍ക് ഷെഡ് പദ്ധതിക്കായി രണ്ടുകോടിയും വകയിരുത്തിയതായും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയിന് ജോര്‍ജ് പറഞ്ഞു.