20 November Tuesday

ബാവലിപ്പുഴ ഗതിമാറി അമ്പായത്തോട്ടിൽ വൻ ഉരുൾപൊട്ടൽ

സ്വന്തം ലേഖകൻUpdated: Friday Aug 17, 2018

കൊട്ടിയൂർ പാമ്പറപ്പാൻ പാലം ഉരുൾപൊട്ടലിൽ തകർന്നപ്പോൾ.

കണ്ണൂർ
കൊട്ടിയൂർ അമ്പായത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് ബാവലിപ്പുഴ ഗതിമാറിയൊഴുകി. മണ്ണും കല്ലും മരങ്ങളും കുത്തിയൊഴുകിയതിനെത്തുടർന്ന് കിലോമീറ്ററുകളോളം കരയിടിഞ്ഞു. നിരവധി വീടുകളും റോഡരികിലെ കടകളും അപകടഭീഷണിയിൽ. പലകെട്ടിടങ്ങളുടെയും തറയുടെ അടിയിൽനിന്നടക്കം മണ്ണിളകിയിട്ടുണ്ട്. രാത്രി എട്ടരയോടെ അമ്പായത്തോടും പന്നിയാന്മലയിലും വീണ്ടും ഉരുൾപൊട്ടി.
കണ്ണവം വനത്തിലുള്ള പെരുവയിലും ഉരുൾപൊട്ടി. ഇരിട്ടി വാണിയപ്പാറയിലെ പാറക്കമലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഒരുഭാഗത്ത് നാൽപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.  
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അമ്പായത്തോട് ഉരുൾപൊട്ടിയത്. അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്കൂളിനു എതിർഭാഗത്ത് മലയോര ഹൈവേയിൽനിന്നും നൂറ് മീറ്ററകലെയാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ മലയുടെ ഒരു ഭാഗമപ്പാടെ ഇടിഞ്ഞു താഴേക്കുപതിക്കുകയായിരുന്നു. മരങ്ങളും കല്ലും മണ്ണും വീണ് കൃഷിസ്ഥലമടക്കം ഒരുപ്രദേശമാകെ മൂടിപ്പോയി. മണ്ണും മരങ്ങളും വീണ് മൂടിയതോടെ ബാവലിപ്പുഴ ഗതിമാറി ഒഴുകുകയായിരുന്നു. ഇരുപത് മീറ്ററോളം മാറിയാണ് പുഴയൊഴുകുന്നത്. 
മലവെള്ളം കയറി കുത്തിയൊഴുകിയിരുന്ന പുഴയിലേക്ക് ഉരുൾപൊട്ടിയതോടെ ഒഴുക്ക് ശക്തമായി. കിലോമീറ്ററുകളോളം പുഴയുടെ കരയിടിഞ്ഞു. മണത്തണ‐ അമ്പായത്തോട് സംസ്ഥാന പാതയാണ് അപകടഭീഷണിയിലായത്്. ഈ റോഡിന് സമാന്തരമായാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. 
കിലോമീറ്ററുകളോളം റോഡിന്റെ ഒരുഭാഗം പുഴയെടുത്തു. പുഴ ഗതിമാറി ഒഴുകിയതോടെ ഇതിനുസമീപത്തെ പ്രദേശങ്ങളാകെ ഭീതിയിലാണ്. 
കരയിലെ വീടുകളും കെട്ടിടങ്ങളും തകർച്ചാ ഭീഷണിയിലാണ്. ഇതിൽ അങ്കണവാടിയടക്കം ഉണ്ട്. 
എല്ലാ വീടുകളിൽനിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കുത്തൊഴുക്കിൽ പന്നിയാംമലയിലേക്കുള്ള പാമ്പറപ്പൻ പാലം ഭാഗികമായി തകർന്നു. ഇതിന്റെ ഇരുവശത്തെയും റോഡുകൾ ഒലിച്ചുപോയി. ഇവിടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സേനാവിഭാഗമെത്തി. 
നെല്ലിയോടിയിലും ചപ്പമലയിലും തുടർച്ചയായി ഉരുൾപൊട്ടുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. ചപ്പമലയിൽ കൂറ്റൻ പാറകളും മറ്റും ഇളകിനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. 
ഇരിട്ടിയിൽ കരിക്കോട്ടക്കരിയിലും വാണിയപ്പാറയിലും ദിവസങ്ങളായി തുടരുന്ന മഴ തീരാദുരിതമാണ് വിതയ്ക്കുന്നത്. അഞ്ഞൂറോളം പേർ ക്യാമ്പുകളിലാണ്. ഇരിട്ടി‐ കൂട്ടുപുഴ റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രണ്ടുദിവസങ്ങളിലായി പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. മുണ്ടാനൂരിൽ മലയോര ഹൈവേയുടെ ഒരുഭാഗം പുഴയെടുത്തു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കയാണ്.
കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതോടെ കണ്ണവം, അഞ്ചരക്കണ്ടി പുഴകൾ കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചുണ്ടയിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് കൊട്ടിയൂർ‐ കൂത്തുപറമ്പ് റൂട്ടിൽ ഗതാഗതം തടഞ്ഞു. കണിച്ചാർ ടൗണിലും വെള്ളം കയറി. ജില്ലയിലെ എല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്.
 
 
പ്രധാന വാർത്തകൾ
Top