14 November Wednesday

ഉരുൾപൊട്ടൽ: കാര്യങ്കോട‌് പുഴ കരകവിഞ്ഞൊഴുകി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
പെരിങ്ങോം 
കർണാടകവനത്തിലുണ്ടായ  ഉരുൾപൊട്ടലിനെ തുടർന്ന്  കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. മലവെള്ളപ്പാച്ചിലിൽ ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ ഇടക്കോളനിയിലെ മരപ്പാലം തകർന്നു. 92 പേരെ മാറ്റിപ്പാർപ്പിച്ചു. കർണാടക വനാതിർത്തിയോട് ചേർന്ന് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനി, കാനംവയൽ പട്ടികവർഗ കോളനി എന്നിവിടങ്ങളിൽനിന്നാണ് ഇത്രയും പേരെ രാജഗിരി സെന്റ് അഗസ്റ്റിൻസ് പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇടക്കോളനിയിലെ 11 കുടുംബങ്ങളിൽനിന്നായി  13 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ 37 പേരെയും കാനംവയൽ പട്ടികവർഗ കോളനിയിൽനിന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വയോജനങ്ങളും കുട്ടികളും ഉൾപ്പെടെ 55 പേരെയുമാണ് മാറ്റിയത്. ഇടക്കോളനിയിലേക്കുള്ള മരപ്പാലം ഒഴുകിപ്പോയതോടെ ബുധനാഴ്ച രാത്രി മുതൽ കോളനി ഒറ്റപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ,  പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ് എന്നിവരുടെ  നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ അധികൃതരും  സ്ഥലത്തെത്തി. വ്യാഴാഴ്ച രാവിലെ പെരിങ്ങോം ഫയർ ആൻഡ‌് റെസ്‌ക്യൂ സർവീസിന്റെയും ചെറുപുഴ, പെരിങ്ങോം പൊലിസിന്റെയും നേതൃത്വത്തിൽ കാനംവയൽ സ്റ്റീൽ പാലത്തിലൂടെ മറുകരയെത്തി പുഴ മുറിച്ചുകടന്ന് കോളനിവാസികളെ പുറത്തെത്തിക്കുകയായിരുന്നു. കോളനിയിലേക്ക് താൽകാലിക പാലം നിർമിക്കുകയും ചെയ്തു. 
മലവെള്ളപ്പാച്ചിലിൽ കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള മുളപ്പാലം ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. കോളനിയിലെ മിക്കവീടുകളും പുഴയെടുക്കുമെന്നായതോടെയാണ് പ്രായാധിക്യമുള്ളവരെയും കുട്ടികളെയും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയവർക്ക് അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരും രാജഗിരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാറ്റിപ്പാർപ്പിച്ചവർക്ക് ഭക്ഷണസാധനങ്ങളും കുടിവെളളവും മറ്റുമായി സന്നദ്ധ സംഘടനകളും രംഗത്തെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top