17 November Saturday

പേമാരിയിൽ പകച്ച‌് മലയോരം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
പേരാവൂർ
ഒരാഴ‌്ച കഴിഞ്ഞിട്ടും ദുരന്തത്തിന് ശമനമില്ല. മലയോരമേഖലയിൽ പേമാരിയും ഉരുൾപൊട്ടലും തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയും ഏതുനിമിഷവും ഉരുൾപൊട്ടലുണ്ടാകുമെന്ന ആശങ്കയും മലയോര മേഖലയിലെ ജനജീവിതം ദുഃസ്സഹമാക്കി. ചെറുതും വലുതുമായ മുപ്പതോളം ഉരുൾപൊട്ടലാണ് കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ മാത്രമുണ്ടായത്.
വ്യാഴാഴ്ച പകൽ 11.30 ഓടെ അമ്പായത്തോട് സെന്റ് ജോർജ് പള്ളിക്ക് മുൻവശത്തെ വനത്തിൽ ഉരുൾപൊട്ടി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്കൂളിനു എതിർഭാഗത്ത് മലയോര ഹൈവേയിൽനിന്നും നൂറ് മീറ്ററകലെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മരങ്ങളും മണ്ണും ഒന്നിച്ച് ഒഴുകിയെത്തിയതോടെ ബാവലിപ്പുഴയിൽ ബണ്ട് രൂപപ്പെട്ടു. 
കൊട്ടിയൂർ നെല്ലിയോടിയിലും, ചപ്പമലയിലും വ്യാപകമായ ഉരുൾപൊട്ടലും, മണ്ണിടിച്ചിലൂമുണ്ടായതോടെ 50 കുടുംബങ്ങളെ നെല്ലിയോടി സെന്റ് ജൂഡ് പള്ളി പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തിൽ അമ്പായത്തോടും ചുങ്കക്കുന്നും കഴിഞ്ഞ എട്ടാം തിയതി ആരംഭിച്ച ദുരിതാശാസ ക്യാമ്പുകൾ കഴിഞ്ഞ തിങ്കളാഴ്ച പിരിച്ചുവിട്ടിരുന്നു. മഴ ശക്തമാവുകയും നെല്ലിയോടി, പാൽച്ചുരം തുടങ്ങിയ ഇടങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തതോടെ ചൊവ്വാഴ്ച രാത്രി മന്ദംചേരി എസ്എൻ എൽപി സ്കൂളിലും ബുധനാഴ്ച നെല്ലിയോടി സെന്റ്ജൂഡ് പള്ളി പാരിഷ് ഹാളിലും വ്യാഴാഴ്ച ഉച്ചയോടെ അമ്പായത്തോട് സെന്റ് ജോർജ‌് എൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 
ഭൂമിയിലും വീടുകൾക്കും വിള്ളൽ കണ്ടെത്തിയതിനാൽ അടക്കാത്തോട് ശാന്തിഗിരി ഗവ. യുപി സ്കൂളിലും ഒരാഴ്ച്ചയായി ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. മന്ദംചേരി എസ്എൻ എൽപി സ്കൂളിൽ 220 പേരും നെല്ലിയോടി സെന്റ് ജൂഡ് പാരിഷ് ഹാളിൽ 210 പേരും അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്കൂളിൽ നൂറോളം പേരെയുമാണുള്ളത്. ശാന്തിഗിരി കോളിത്തട്ട് ഗവ. എൽപി സ്കൂളിൽ 26 പേരെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ധ സർക്കാർ സംവിധാനങ്ങളും സംഘടനകളും സഹായമെത്തിക്കുന്നുണ്ട്. ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തധികൃതരും സിപിഐ എം ഡിവൈഎഫ്ഐ നേതാക്കളും മറ്റും ക്യാമ്പുകളിൽ സജീവമാണ്.
നിടുംപൊയിൽ വയനാട് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. 34ാം മൈൽ റോഡിലാണ് കോളയാട് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്തിലെ കണ്ണവം വനത്തിലുള്ള പെരുവയിൽ ഉരുൾപ്പൊട്ടി. മലവെള്ളപ്പാച്ചിലിൽ കൊട്ടിയൂർ പാമ്പറപ്പാൻ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. താൽക്കാലിക സംവിധാനമൊരുക്കാൻ ദ്രുതകർമ്മ സേനയെത്തി.കനത്ത മഴ തുടരുകയാണ്. ബാവലിപ്പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടും കനത്ത മഴയും മൂലം കൊട്ടിയൂർ, തലശേരി ഇരിട്ടി റോഡിലുള്ള ബസ്സുകൾ ഓട്ടം നിർത്തി. ബാവലി, ചീങ്കണ്ണി പുഴകൾ കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പുഴ ഗതിമാറി ഒഴുകി നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. ഇതുവരെ കാണാത്ത വെള്ളപ്പൊക്കത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് മലയോരത്തെ ജനങ്ങൾ.
പ്രധാന വാർത്തകൾ
Top