20 September Thursday
ദിശ അവലോകനയോഗം

പട്ടികജാതി‐വർഗ കോളനികളിൽ 14 കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
കണ്ണൂർ
രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയിൽ  കൂത്തുപറമ്പ്, മാടായി, പേരാവൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ, നടുവിൽ എന്നിവിടങ്ങളിലെ പട്ടികവർഗ ﹣ പട്ടികജാതി കോളനികളിൽ 14 കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു.   62 പുതിയ പദ്ധതികൾക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനകം നടപടി തുടങ്ങും.  കേന്ദ്രാവിഷ്കൃത പദ്ധതികൾ അവലോകനം ചെയ്യുന്നതിന‌് പി കെ ശ്രീമതി  എംപിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ വികസന കോ﹣ഓഡിനേഷൻ ആൻഡ് മോണിറ്ററിങ‌് കമ്മിറ്റി (ദിശ) യോഗത്തിലാണ്  എഡിസി ജനറൽ പി എം രാജീവ് ഇക്കാര്യം അറിയിച്ചത്. 
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തിൽ ജില്ലയ്ക്ക് 9.89 കോടി രൂപയും സാധന സാമഗ്രികൾ വാങ്ങിയ ഇനത്തിൽ 4.62 കോടി രൂപയും കേന്ദ്ര സർക്കാരിൽനിന്ന് കിട്ടാനുണ്ടെന്ന് പിഎയു പ്രോജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ  അറിയിച്ചു. ഇക്കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. 
പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)യിൽ അനുവദിച്ച റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേരണമെന്ന്  എംപി നിർദേശം നൽകി. കേന്ദ്ര റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള പദ്ധതികൾ വിലയിരുത്തുന്നതിനും പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു.  
ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള 36.4 കോടിരൂപയുടെ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ ജ്യോതി യോജന പ്രകാരം ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ എസ്റ്റിമേറ്റ് തുകയിൽ മാറ്റമില്ലാതെ വരുത്തിയ ഭേദഗതിക്ക് ദിശയോഗം അംഗീകാരം നൽകി. 
ഉപ്പാലവളപ്പ്, മരക്കാർകണ്ടി പ്രദേശങ്ങളിൽ കക്കൂസുകൾ നിർമിക്കുന്നതിനുള്ള പദ്ധതി കോർപറേഷനുമായി സഹകരിച്ച്  പൂർത്തിയാക്കാൻ ശുചിത്വമിഷന് എംപി നിർദേശം നൽകി. ഇതിനാവശ്യമായ 14,25000 രൂപയിൽ പകുതി തുക കോർപറേഷന് കൈമാറിയതായി ശുചിത്വമിഷൻ കോ ﹣ ഓഡിനേറ്റർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ ഭവനരഹിതർക്കായി പാർപ്പിടകേന്ദ്രം നിർമിക്കാൻ  അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതിയിൽ ലഭ്യമായ രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ  നടത്തുന്നതിന് നിർമിതി കേന്ദ്രയുമായി കരാറിൽ ഒപ്പുവയ്ക്കുന്ന നടപടി വേഗത്തിലാക്കാൻ കോർപറേഷൻ അധികൃതർക്ക് യോഗം നിർദേശം നൽകി. 
ഗ്രാമങ്ങളിൽ നടപ്പാക്കുന്ന കേന്ദ്രഭവന പദ്ധതിയായ പിഎംജിവൈ (ഗ്രാമീൺ)യിലേക്ക്  അപേക്ഷ സ്വീകരിക്കാൻ മാത്രമാണ് നിർദേശമെന്നും കേരളത്തിന് ഇതുവരെ പദ്ധതി ലക്ഷ്യം അനുവദിച്ചുനൽകിയിട്ടില്ലെന്നും പിഎയു പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രത്തിനു മേൽ സമ്മർദം ചെലുത്താനും തീരുമാനമായി. 
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംപിക്ക് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്റ്റാന്റിങ‌് കമ്മിറ്റി അധ്യക്ഷന്മാരായ കെ പി ജയബാലൻ, ടി ടി റംല, സെക്രട്ടറി വി ചന്ദ്രൻ, പിഎയു പ്രോജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top