19 September Wednesday
ഡീസൽ വിലവർധന

ചരക്കുലോറി പണിമുടക്ക് ജില്ലയിൽ പൂർണമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
കണ്ണൂർ
ഡീസലിന്റെ അസാധാരണവും നീതീകരണമില്ലാത്തതുമായ വിലവർധന പിൻവലിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്കുവാഹനങ്ങൾ 20 മുതൽ രാജ്യവ്യാപകമായി സർവീസ് നിർത്തിവയ്ക്കും. ജില്ലയിലും പണിമുടക്ക് പൂർണമാകുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ഡീസൽ വിലനിർണയം മൂന്നു മാസത്തിലൊരിക്കൽ മാത്രമാക്കുക, രാജ്യം മുഴുവൻ വില ഏകീകരിക്കുക, ഇൻഷൂറൻസ് പ്രീമിയം വർധന പിൻവലിക്കുകയും പ്രീമിയം വർധന സുതാര്യമാക്കുകയും ചെയ്യുക, റോഡുകൾ ടോൾ വിമുക്തമാക്കുക, ഇൻകം ടാക്സ് നിയമത്തിലെ 444 എഇ ഭേദഗതിയിലൂടെ ലോറി ഉടമകളെ ബാധിക്കുന്ന നടപടികൾ പിൻവലിക്കുക, പൊലീസ്‐ ആർടിഒ വിഭാഗങ്ങൾ, മൈനിങ് ആൻഡ് ജിയോളജി, റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും അവസാനിപ്പിക്കുക എന്നിവയാണ്   മറ്റ് ആവശ്യങ്ങൾ. 
അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് തീരുമാന പ്രകാരമാണ് പണിമുടക്ക്. കേരളത്തിൽ മോട്ടോർ വ്യവസായ സംരക്ഷണസമിതിയും റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും മോട്ടോർ മേഖലയിലെ 13 സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് കെ ബാലചന്ദ്രൻ അറിയിച്ചു. 20ന് രാവിലെ ആറുമുതലാണ് അനിശ്ചിതകാല പണിമുടക്ക്. ജില്ലാ ജനറൽ സെക്രട്ടറി കെ ഭാസ്കരൻ, എ ടി ചന്ദ്രൻ, പി ചന്ദ്രൻ എന്നിവരും വാർത്താസമ്മേളന്നത്തിൽ പങ്കെടുത്തു.    
 
പ്രധാന വാർത്തകൾ
Top