Top
26
Wednesday, July 2017
About UsE-Paper

പട്ടാളമെന്താ 'കളിപ്പാട്ടമോ'?

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > ബിജെപിക്കാര്‍ക്ക് പട്ടാളം, കേന്ദ്രസേന എന്നൊക്കെ പറഞ്ഞാല്‍ അവരുടെ കൈയിലെ കളിപ്പാട്ടമാണെന്നാണ് വിചാരം. മൈനസ് ഡിഗ്രിയില്‍, ശ്വാസംപോലും കിട്ടാതെ നാടുകാക്കുന്നവര്‍. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വിരിമാറുകാട്ടുന്നവര്‍. ഇങ്ങനെ പത്തിലേറെ ലക്ഷം സൈനികര്‍ ആരുടെയും കളിപ്പാട്ടമല്ല. ഒന്നുപറഞ്ഞ് രണ്ടാമത് കേന്ദ്രസേനയെ വിളിക്കും എന്നാണ് കുട്ടിസംഘികളുടെ പറച്ചില്‍. മീശമാധവനില്‍ പെടലി 'തിരുന്തോരത്തേക്ക് വിളിക്കും' എന്നുപറഞ്ഞപോലെ, കുമ്മനം 'ഡല്ലീലോട്ട് വിളിക്കും' എന്ന് പറയുന്നുണ്ട്. ഇതുകേട്ട് കുട്ടിസംഘികള്‍ 'ഞാന്‍ ഷാ..ജിയെ വിളിക്കും, ഷാ... ജി മോഡിജിയെ വിളിക്കും, മോഡിജി സേനാ തലവനെ വിളിക്കും, ഇപ്പ ശരിയാക്കിത്തരാം''എന്ന് അണികളെ ധരിപ്പിക്കുന്നുണ്ട്. 'താമരശേരി ചുരം ...' പപ്പു പണ്ട് പറഞ്ഞപോലെ.

കണ്ണൂരില്‍ പട്ടാളത്തെ ഇറക്കണമെന്ന് സംഘിക്കുട്ടികളും മൂത്ത സംഘികളും ഇതുപറയുന്നുണ്ട്. അതുംപോരാഞ്ഞിട്ട് പറയാന്‍ പ്രയാസമായ പട്ടാളനിയമം (അഫ്സ്പ) നടപ്പാക്കണമെന്നും മുറതെറ്റി പറയുന്നുണ്ട്. ഇപ്പോഴിതാ, പയ്യന്നൂരിലേക്ക് പട്ടാളത്തെ അയക്കണമെന്നാണ് ഒരു കുട്ടിസംഘി നേതാവിന്റെ വെളിപാട്. അയക്കും എന്നാണത്രേ പറഞ്ഞത്. 
എന്താണത്രേ പയ്യന്നൂരിന്റെ പ്രത്യേകത? ഗാന്ധിജി ഉപ്പുകുറുക്കി സ്വാതന്ത്യ്രസമരം നയിച്ച നാട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന് പൂര്‍ണമായും പറയാന്‍ മോഡിജിക്ക് അറിയില്ലല്ലോ. അപ്പോള്‍ പയ്യന്നൂരിലേക്കാണ് പുതിയനോട്ടം. പയ്യന്നൂരില്‍ സംഭവിച്ചതെന്താ. 2016 ജൂലൈ 11ന് ധനരാജ് എന്ന കമ്യൂണിസ്റ്റ് ചെറുപ്പക്കാരനെ രാത്രിയില്‍ വീട്ടുമുറ്റത്ത് ആര്‍എസ്എസ് ക്രിമിനല്‍ സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മുമ്പ് കൂത്തുപറമ്പില്‍ കെ വി സുധീഷിനെ അച്ഛനും അമ്മയ്ക്കും മുമ്പില്‍ അരുംകൊല ചെയ്തപോലെ. നാടിന്റെ പ്രിയങ്കരന്‍ നഷ്ടപ്പെട്ടപ്പോള്‍ നിലനില്‍പ്പിനായി നാട്ടുകാര്‍ പ്രതികരിച്ചു. 2017 ജൂലൈ 11ന് ധനരാജിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണത്തിന് അവിടേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം സാക്ഷി. അപ്പോള്‍ ആര്‍എസ്എസ് എന്താണ് ചെയ്തത്. അനുസ്മരണ പരിപാടിയിലേക്ക് വരുന്നവര്‍ക്ക് നേരെ തുരുതുരാ ബോംബെറിഞ്ഞു. ആര്‍എസ്എസ്സിന്റ അജന്‍ഡ അറിയാവുന്നതുകൊണ്ട് ജനസഞ്ചയം മിതമായേ പ്രതികരിച്ചുള്ളൂ.
അങ്ങനെയിരിക്കുന്ന പയ്യന്നൂരിലേക്കാണ് കേന്ദ്രസേനയെ അയക്കുമെന്ന ഉമ്മാക്കി. പയ്യന്നൂര്‍ പ്രശ്നം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കും, ഷാജി ഉള്‍പ്പെടെ മുഴുവന്‍പേരും ഉടന്‍ പയ്യന്നൂരിലെത്തും എന്നൊക്കെയാണ് ദേശീയ നിര്‍വാഹക സമിതി അംഗം പ്രസ്താവിച്ചത്.
ഷാ... ജിയും കൂട്ടരും കേരളത്തിലേക്ക് ഒഴുകിയെത്തുമെന്ന് നിര്‍വാഹക സമിതി അംഗം പറഞ്ഞത് ശരിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ചക്ക വീണപ്പോള്‍ ഒരു മുയലിനെ കിട്ടി. ഇനി എപ്പ ചക്ക വീണാലും മുയലിനെ കിട്ടിക്കൊണ്ടിരിക്കുമെന്നാണ് ഗുജറാത്തിലെ ഏതോ ജ്യോതിഷി പറഞ്ഞത്. ചക്ക വീഴട്ടെ, പാവം ചക്ക. പക്ഷേ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല. പക്ഷേ ഈ ചക്ക വീഴ്ച എന്നത് ഒരു കോഡ് നൈമാണ്. പരമാവധി വര്‍ഗീയ കലാപം ഉണ്ടാക്കുക. പയ്യന്നൂര്‍ മേഖലയിലാണെങ്കില്‍ മംഗളൂരുവിലെ വര്‍ഗീയ കാറ്റ് അടിച്ചു കയറ്റുക. ആന്റണിയുടെ ശാപവചനം പോലെയല്ല. നൂറുവര്‍ഷം കഴിഞ്ഞാലും, കള്ളനോട്ടും കള്ളപ്പണവും കണ്ടെയ്നറില്‍ ഇറക്കിയാലും, കേരളത്തില്‍ ഒരുചുക്കും സംഭവിക്കില്ല. കേരളം മലയാളികളുടെ മാതൃഭൂമിയാണ്.
പിന്നെ കേന്ദ്രസേനക്ക് കേരളത്തിലേക്ക് വരാന്‍ സമയം കിട്ടുമോ. അക്ഷരാര്‍ഥത്തില്‍ ഉത്തരേന്ത്യ കത്തുകയല്ലേ. ഗുജറാത്ത് മോഡല്‍ മോഡിജിയും ഷാജിയും കൂടി അവിടങ്ങളിലെല്ലാം പരീക്ഷിക്കുകയല്ലേ. അതിര്‍ത്തികളില്‍ ധീരജവാന്മാര്‍ ഓവര്‍ടൈം ചെയ്യുകയല്ലേ. ഇങ്ങനെ എല്ലാ വ്യക്തിസ്വപ്നങ്ങളും ഉപേക്ഷിച്ച് കാവല്‍ നില്‍ക്കുന്ന ജവാന്മാരില്‍ മലയാളികള്‍ ജനസംഖ്യാനുപാതത്തിനേക്കാള്‍ കൂടുതലാണ്. കണ്ണൂരില്‍ പ്രത്യേകിച്ച്.
യുദ്ധമേഖലയില്‍നിന്ന് സമാധാന മേഖലയിലേക്ക് ജവാന്മാരെ വിശ്രമത്തിന് അയക്കുക എന്നത് സൈനിക രീതിയാണ്. ഇന്ത്യന്‍ ജവാന്മാരെ വിശ്രമത്തിന് അയക്കാന്‍ പറ്റിയ നാടാണ് കേരളം. അവര്‍ക്ക് ബാരക്കുകളില്‍ സ്വസ്ഥമായി വിശ്രമിക്കാം. ശത്രുസൈന്യവുമായി മുഖാമുഖമില്ല. ഭീകരരുടെ ഒളിത്താവളങ്ങള്‍ ജീവന്‍ പണയം വച്ച് തെരയേണ്ടതില്ല.
'ജിമിക്കി ജിമിക്കി ജിമിക്കി ജിമിക്കി പട്ടാളം' എന്ന പ്രശസ്തമായ മലയാള സിനിമാഗാനം പിറവികൊണ്ടത് ഈ സമാധാന ബാരക്കില്‍നിന്നാണല്ലോ. അതുകൊണ്ട്, സംഘി നേതാക്കളേ കേരളത്തെവച്ച് സൈനികരെ അപമാനിക്കരുത്. 

Related News

കൂടുതൽ വാർത്തകൾ »