20 September Thursday

മന്ത്രിസഭാ വാർഷികം കണ്ണൂരിൽ വിപുലമായ പരിപാടികൾ

സ്വന്തം ലേഖകൻUpdated: Thursday May 17, 2018
കണ്ണൂർ
ജനപങ്കാളിത്തത്തോടെ നാടിന് പുതിയ വികസനമാതൃക സൃഷ്ടിക്കുന്ന  എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ  സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സർക്കാർ ധനസഹായ പദ്ധതികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗ്രാമങ്ങളിലെ  പിആർഡിസഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി  നിർവഹിക്കും.  തുടർന്ന് പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത 'ഉദയപഥം' മൾട്ടി മീഡിയ ഷോ, ചലച്ചിത്രനടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം, വിജയ് യേശുദാസ് നയിക്കുന്ന ചലച്ചിത്രപിന്നണി ഗായകരുടെ ഗാനമേള എന്നിവയുമുണ്ടാകും. ഒരാഴ്ച നീളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. 
അഭിമാനകരമായ നേട്ടങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ മൂന്നാംവർഷത്തിലേക്ക് കടക്കുന്നത്. രണ്ട് വർഷത്തിനിടെ കേരളത്തെ തേടിയെത്തിയ ദേശീയ﹣ അന്തർദേശീയ പുരസ്കാരങ്ങൾ ഇതിന്റെ സാക്ഷ്യപത്രമാണ്. എല്ലാ മേഖലകളെയും സ്പർശിക്കുന്ന, എല്ലാവരെയും പരിഗണിക്കുന്ന  ജനകീയ സർക്കാരിന്റെ വികസനകാഴ്ചപാടിനെ ജനങ്ങൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. അതിന്റെ പ്രതിഫലനമായി ആഘോഷപരിപാടികൾ മാറും. 
സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉൽപന്നങ്ങളും കൃഷിയടക്കമുള്ളവയും പരിചയപ്പെടുത്തുന്ന 'പൊൻകതിർ' മെഗാ എക്സിബിഷൻ കലക്ടറേറ്റ് മൈതാനിയിൽ വെള്ളിയാഴ്ച ആരംഭിക്കും.   25 വരെ നീളുന്ന പ്രദർശനം മന്ത്രി കെ കെ ശൈലജ ഉദ്ഘടനം ചെയ്യും.  
രണ്ടാംദിവസം കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയിൽ  സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ ബ്രാന്റ് ലോഞ്ചിങ്ങ് പി കെ ശ്രീമതി എംപി നിർവഹിക്കും. നിഫ്റ്റ് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. 20 ന‌് വൈകിട്ട് നാലിന് 'വിമാനത്താവളം: വികസന സാധ്യതയുടെ ആകാശം' സെമിനാർ. ഇ പി ജയരാജൻ എംഎൽഎ, കിയാൽ മാനേജിങ്ങ് ഡയറക്ടർ വി തുളസിദാസ് എന്നിവർ പങ്കെടുക്കും. 21ന് സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  23ന‌് അതിഥി തൊഴിലാളി സംഗമം. ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ പരിശോധന എന്നിവയും നടക്കും. 24ന് ബാബുരാജ് നൈറ്റ് ഗാനമേളയും 25ന് പൊലീസ് വനിതാ സെൽ അവതരിപ്പിക്കുന്ന 'അനന്തരം ആനി' സ്ത്രീ ശാക്തീകരണ നാടകവും അരങ്ങേറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top