27 May Sunday

കണ്ണിപ്പൊയിൽബാബു വധം ഒരു ആർഎസ്എസ്സുകാരൻകൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Wednesday May 16, 2018
തലശേരി
സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ്സുകാരൻകൂടി അറസ്റ്റിൽ. കൊലയാളി സംഘാംഗമായ പാനൂർ  ചെണ്ടയാട് കുന്നുമ്മലിലെ കുനിയിൽ കമലദളത്തിൽ ശ്യാംജിത്തിനെ (23) യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ബുധനാഴ്ച മാഹി കോടതിയിൽ ഹാജരാക്കും. ഇതോടെ   കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. 
പാനൂർ ചെണ്ടയാട് പുതിയവീട്ടിൽ കെ ജെറിൻ സുരേഷ് (31), ഈസ്റ്റ് പള്ളൂർ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയിൽ ഹൗസിൽ പി കെ നിജേഷ് (34),  പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്(25)എന്നിവരെ തിങ്കളാഴ്ച റിമാൻഡ് ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.  നിജേഷിന്റെ കുറ്റസമ്മതമൊഴിയും അന്വേഷണത്തിൽ നിർണായകമായി. ആർഎസ്എസ് വിഭാഗ് കാര്യവാഹക് പാറ ശശിയുമായി ഏറെ അടുപ്പമുള്ളവരാണ് അക്രമികളെല്ലാം.
സിപിഐ എം പള്ളൂർ ലോക്കൽകമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ  ഏഴിന് രാത്രിയാണ‌് വീടിന് സമീപത്ത‌്  ആർഎസ്എസ്സുകാർ പതിയിരുന്നാ‌ക്രമിച്ച‌് കൊലപ്പെടുത്തിയത്. പാനൂർ, കൂറ്റേരി, ചെണ്ടയാട്, പുല്ലൂക്കര, കൊച്ചിയങ്ങാടി, മാഹി, ചെമ്പ്ര,  ഈസ്റ്റ്പള്ളൂർ പ്രദേശങ്ങളിലുള്ള കൊലയാളി സംഘത്തെ മുഴുവൻ  തിരിച്ചറിഞ്ഞിട്ടുണ്ട്. 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളിൽ പ്രതിയാണ് ചൊവ്വാഴ്ച പിടിയിലായ ശ്യാംജിത്ത്. കൂറ്റേരിയിലെ ഒരു വീട്ടിൽ പതിനാറോളം ആർഎസ്എസ്സുകാർ ആയുധങ്ങളുമായി ക്യാമ്പ്ചെയ്യുന്നതടക്കമുള്ള നിർണായക പലവിവരങ്ങളും ചോദ്യംചെയ്യലിൽ പ്രതി പൊലീസിന് നൽകിയിട്ടുണ്ട്. അറസ്റ്റിലായവർക്ക് പുറമെ ഏതാനും പേർകൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യംചെയ്തുവരികയാണ്.
സൈബർസെല്ലിന്റെയടക്കം സഹായത്തോടെ സമാഹരിച്ച ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് യഥാർഥപ്രതികളിലേക്ക് അന്വേഷണമെത്തിച്ചത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ 2016ലെ വധശ്രമത്തിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോടിയേരി കൊമ്മൽവയലിൽനിന്നുൾപ്പെടെയുള്ളവരാണ‌് മുമ്പ‌് നടന്ന വധശ്രമത്തിൽ പങ്കെടുത്തതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം വേണമെന്ന‌് ആവശ്യമുയർന്നിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top