25 September Tuesday
മാക്കൂട്ടം ചുരം റോഡ്

അവസാനിക്കാത്ത അന്തർ സംസ്ഥാന പ്രതിസന്ധി

മനോഹരൻ കൈതപ്രംUpdated: Wednesday Aug 15, 2018

മാക്കൂട്ടം ചുരം പാതയിലെ മണ്ണിടിച്ചിൽ.

ഇരിട്ടി
തലശേരി, കണ്ണൂർ, പയ്യന്നൂർ നഗരങ്ങളെയും ജില്ലയെയും കർണാടകത്തിലെ കുടകുമായി കണ്ണിചേർക്കുന്ന മാക്കൂട്ടം പെരമ്പാടി ചുരംറോഡ് ഈ മൺസൂണിലും യാത്രക്കാരെ പെരുവഴിയിലാക്കി. ഉരുൾപൊട്ടലാണ‌് ഇക്കുറി വില്ലനായത‌്. ജൂൺ 12ന്റെ ഉരുൾപൊട്ടൽ രണ്ടുദിവസം നീണ്ടപ്പോൾ ചുരത്തിലാകെ നൂറിലധികം സ്ഥലങ്ങളിൽ പ്രളയം പൊട്ടിത്തിമർത്തു. 
16 കൊടുംവളവുകളുള്ള 20 കിലോമീറ്റർ മാക്കൂട്ടം പെരമ്പാടി ചുരംറോഡിന്റെ നടുവും നട്ടെല്ലുമൊടിഞ്ഞു. മെക്കാഡെം പാത ചതുപ്പുനിലമായി ഉറവകൾ പൊട്ടിയതിനെത്തുടർന്ന‌് ചുരം പാത അടച്ചു. ദിനംപ്രതിയുള്ള ആയിരക്കണക്കിന‌് ആളുകളുടെ യാത്ര പ്രതിസന്ധിയിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കത്തെഴുതുകയും ഡൽഹിയിൽ നേരിട്ടു കാണുകയും ചെയ‌്തിരുന്നു. തുടർന്ന‌് ചുരം പാത ആധുനികവൽകരിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചു. താൽകാലിക അറ്റകുറ്റപ്പണി നടത്തി ജീപ്പ്, കാർ പോലുള്ള ചെറുവണ്ടികളുടെ ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും വലിയ വണ്ടികൾക്ക് വിലക്കാണ‌്.
കെഎസ്ആർടിസി (ഇരു സംസ്ഥാനത്തെയും) മുൻനിര സർവീസുകൾ തൊട്ട് ഓർഡിനറി ബസുകൾ വരെ ബംഗളൂരു, മൈസൂരു, ഹാസൻ, സകലേശ്പുര തുടങ്ങി കർണാടകത്തിന്റെ പ്രധാനനഗരങ്ങളിലേക്കോടിയിരുന്നത‌് മാക്കൂട്ടം ചുരം വഴിയാണ‌്. സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസുകൾ രാത്രി കാലങ്ങളിൽ അസംഖ്യം സർവീസ് നടത്തിയതും ഇതുവഴിയാണ‌്. മികച്ച ദിന വരുമാനം ലഭിച്ചിരുന്ന സർവീസുകളായിരുന്നു എല്ലാം. 
മാക്കൂട്ടം ചുരം റോഡ‌് അടച്ചതോടെ പലചരക്ക്﹣പഴംപച്ചക്കറി വരവ് ഇതുവഴി നിലച്ചു. ചുറ്റി വളച്ചെത്തിക്കുന്ന സാധനങ്ങൾക്ക‌് അമിത വില ഈടാക്കുന്നതായും ആരോപണമുണ്ട‌്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും തുടരുന്നതുകാരണം നവീകരിക്കാൻ പാകത്തിലല്ല ചുരംറോഡ‌്. മഴ നിലക്കുന്നതോടെ റോഡ‌് ആധുനികവൽകരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ‌് യാത്രക്കാരും പ്രദേശവാസികളും.
പ്രധാന വാർത്തകൾ
Top