17 August Friday

4123 പേർക്ക് മറവി; 75 ശതമാനവും ജീവിതശൈലീരോഗക്കാർ

സുപ്രിയ സുധാകർUpdated: Thursday Feb 15, 2018
കണ്ണൂർ> മറവിരോഗവും ജീവിതശൈലീരോഗങ്ങളും മൂലം വയോജനങ്ങളിൽ ഭൂരിഭാഗവും ദുരിതമനുഭവിക്കുന്നതായി  വയോജന അവസ്ഥാ പഠനറിപ്പോർട്ട്. വയോജന സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഡിമെൻഷ്യ കെയർ സെന്റർ, പകൽ വീടുകളോട് അനുബന്ധിച്ച് ആരോഗ്യ സംരക്ഷണ പാർക്ക് എന്നിവ തുടങ്ങുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഉടൻ ജില്ലാപഞ്ചായത്തിന് സമർപ്പിക്കും.  
ജില്ലയിലെ 21 വനിത, ശിശു വികസന ബ്ലോക്കുകളിലെ 2503 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വയോജനങ്ങളുടെ എണ്ണം, രോഗം, വരുമാനം, വിനോദം തുടങ്ങി എല്ലാ മേഖലയിലും വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്  തയ്യാറാക്കിയത്. വയോജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ, പകൽ വീടുകളുടെ പ്രവർത്തനം എന്നിവയാണ് റിപ്പോർട്ടിലുള്ളത്. പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിരുന്നു.
സർവേ പ്രകാരം ജില്ലയിൽ ആകെ 3,38,085 വയോജനങ്ങളുണ്ട്. 1,89,314 സ്ത്രീകളും 1,48,771 പുരുഷന്മാരുമാണ്. ഐസിഡിഎസ് കണ്ണൂർ റൂറൽ ബ്ലോക്കിലാണ് സർവേ പ്രകാരം ഏറ്റവും കൂടുതൽ വയോജനങ്ങളുള്ളത്. 26,637 പേർ. അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, ചിറക്കൽ, പുഴാതി, പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കണ്ണൂർ റൂറൽ ബ്ലോക്ക്. 21199 പേരുള്ള ഐസിഡിഎസ് തലശേരി ബ്ലോക്കാണ് തൊട്ടുതാഴെ. 
പ്രായപരിധി വച്ചും വയോജനങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. 60നും 65നും ഇടയിൽ 126803 പേരും 65നും 70നും ഇടയിൽ 85136 പേരും 70നും 75നും ഇടയിൽ 57389, 80ന് മുകളിൽ 41416പേരുമുണ്ട്. ഇവരിൽ വിഭാര്യരായി 9132 പേരും വിധവകളായി 1,11,576 പേരുമുണ്ട്. ഭിക്ഷാടനത്തിൽ ഏർപ്പെട്ട 30 പേരുണ്ടെന്നും സർവേയിൽ കണ്ടെത്തി. ഇവരുടെ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള  മാർഗനിർദേശങ്ങളുമുണ്ട്.
വയോജനങ്ങളിൽ ഭൂരിഭാഗവും ജീവിതശൈലീരോഗങ്ങൾ ബാധിച്ചവരാണ്. മാനസിക വെല്ലുവിളി നേരിടുന്ന 2346 പേരും അന്ധരായ 2504 പേരും ബധിരരായ 2490 പേരുമുണ്ട്. മറവി രോഗം ബാധിച്ച 4123 പേർ ജില്ലയിലുണ്ട്. മറവി രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലായതിനാൽ അടിയന്തര ഇടപെടൽ നടത്തണം. ഇവർക്കായി സാമൂഹ്യനീതി വകുപ്പ് നിർദേശിച്ച ഡിമെൻഷ്യ കെയർ സെന്റർ സ്ഥാപിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 
തൊഴിൽമേഖല അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം എട്ടു ശതമാനം  പേർ സർക്കാർ സ്ഥാപനത്തിൽനിന്നും 8.09 ശതമാനം പേർ സ്വകാര്യസ്ഥാപനത്തിൽനിന്നും വിരമിച്ചവരാണ്. കൃഷി ഉപജീവനമാക്കിയവർ 23 ശതമാനം. ജില്ലയിൽ 7419പേർ ഒറ്റയ്ക്കാണ് കഴിയുന്നത്. ഇവരെ സമൂഹമധ്യത്തിലേക്ക് എത്തിക്കുന്നതിനും മറ്റു പരിചരണങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ ഊന്നൽ നൽകണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഭൂരിഭാഗം പേരും മക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. 191863 പേർ ഇത്തരത്തിലാണ് ജീവിക്കുന്നത്. 64387 പേർ ഭാര്യഭർത്താവ് ഇവരുടെ പരസ്പര സംരക്ഷണയിലാണ് ജീവിക്കുന്നത്. മക്കളോടൊപ്പം സുഖപ്രദമല്ലാതെ കഴിയുന്ന 5086 പേർ ജില്ലയിലുണ്ട്. 
വയോജനസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ജില്ലയിൽ 97 പകൽ വീടുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം വ്യായാമം ചെയ്യാനും വിശ്രമത്തിനുമായി പ്രത്യേക സംവിധാനം ഒരുക്കും. മെഡിക്കൽ ക്യാമ്പും ആരോഗ്യപോഷകാഹാര ബോധവൽക്കരണ ക്ലാസ് എന്നിവ നിശ്ചിത ഇടവേളകളിൽ നൽകാനും നിർദേശിക്കുന്നുണ്ട്.
 
പ്രധാന വാർത്തകൾ
Top