Top
20
Wednesday, September 2017
About UsE-Paper

ജില്ലയില്‍ സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > 22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലയില്‍ തുടക്കമാകും. 3496 ബ്രാഞ്ചുകളാണ് സിപിഐ എമ്മിന്റെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുകയെന്ന് ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 55,641 അംഗങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുക. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസ് കാലയളവില്‍ 48,613 അംഗങ്ങളും 3403 ബ്രാഞ്ചുമാണുണ്ടായിരുന്നത്. ഒക്ടോബര്‍ 15 മുതല്‍ 207 ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തും. ചുവപ്പുവളണ്ടിയര്‍ മാര്‍ച്ച്, പ്രകടനം, പൊതുയോഗം എന്നിവയുമുണ്ടാകും. 

 ഉദ്ഘാടന സമ്മേളനത്തില്‍ ബ്രാഞ്ച് പരിധിയിലെ പാര്‍ടി ബന്ധുക്കളും അനുഭാവികളും പങ്കെടുക്കും. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൂര്‍ണമായും ജനാധിപത്യരീതിയിലാണ് തെരഞ്ഞെടുപ്പ്. ജനാധിപത്യം പ്രസംഗിക്കുന്ന കോണ്‍ഗ്രസില്‍നിന്നും അംഗത്വം ഉള്‍പ്പെടെയുള്ള ജനാധിപത്യമാനദണ്ഡം അംഗീകരിക്കാത്ത ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയില്‍നിന്നും വ്യത്യസ്തമാണിത്.  
ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കും. സിപിഐ എം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രസക്തി ബോധ്യപ്പെടുത്താന്‍ ഇതര രാഷ്ട്രീയ നിലപാടുകളുള്ളവരുമായും ആശയവിനിമയം നടത്തും. ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി കുടുംബസംഗമങ്ങള്‍ ചേരും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാരുടെ വിഷയങ്ങള്‍ കുടുംബസംഗമം ചര്‍ച്ച ചെയ്യും. 
 ഉള്‍പാര്‍ടി ജനാധിപത്യം സംരക്ഷിക്കുന്ന പ്രസ്ഥാനത്തിനേ പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ നേരിടാനാവൂ. ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ്, ബിജെപി, മുസ്ളിംലീഗ് തുടങ്ങിയ പാര്‍ടികളില്‍നിന്ന് നിരവധി പേര്‍ രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നതെന്നും ജയരാജന്‍ പറഞ്ഞു.