19 September Wednesday

ഡിവൈഎഫ്‌ഐ ‘ഹൃദയപൂർവം’ ഭക്ഷണവിതരണ പരിപാടി തലശേരിയിലേക്കും സ്വാതന്ത്ര്യസംഗമം 16 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കണ്ണൂർ
'ഇന്ത്യ അപകടത്തിൽ; പൊരുതാം നമുക്കൊന്നായ്' എന്ന മുദ്രാവാക്യമുയർത്തി  സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ഒരുക്കുന്ന സ്വാതന്ത്ര്യസംഗമം ജില്ലയിൽ 16 കേന്ദ്രങ്ങളിൽ. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ ഇരിട്ടി, പേരാവൂർ ബ്ലോക്കുകളെ ഒഴിവാക്കിയതായി ജില്ലാ പ്രസിഡന്റ് എം ഷാജറും സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മന്ത്രി കെ കെ ശൈലജ, പി കെ ശ്രീമതി എംപി, അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് തുടങ്ങിയവർ ജില്ലയിൽ സ്വാതന്ത്ര്യസംഗമത്തിൽ പങ്കെടുക്കും.    
ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് യുവതീയുവാക്കളും ബഹുജനങ്ങളും സംഗമത്തിൽ അണിനിരക്കും. വൈകിട്ട് നാലിന് യുവജന പ്രകടനം. പരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് ഫണ്ട് ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകും.
വളപട്ടണത്തു നടക്കുന്ന കണ്ണൂർ ബ്ലോക്കുതല സ്വാതന്ത്ര്യസംഗമം ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വി കെ സനോജ് സംസാരിക്കും. എടക്കാടും മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുക. മാടായിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം നിർവഹിക്കും. എം ഷാജർ സംസാരിക്കും. കൂത്തുപറമ്പിൽ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഡോ. വി പി പി മുസ്തഫ സംസാരിക്കും. മട്ടന്നൂരിൽ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് പങ്കെടുക്കും. പാപ്പിനിശേരിയിൽ വിജു കൃഷ്ണനും പിണറായിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ഉദ്ഘാടനം നിർവഹിക്കും. തലശേരിയിൽ വീണാ ജോർജ് എംഎൽഎ, എം സുരേന്ദ്രൻ എന്നിവർ സംസാരിക്കും.   
തളിപ്പറമ്പിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ റഹിമും പാനൂരിൽ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആലക്കോട് പി ആർ വസന്തനും പയ്യന്നൂരിൽ സി എസ് സുജാതയും ശ്രീകണ്ഠപുരത്ത് ജംഷീദലിയും അഞ്ചരക്കണ്ടിയിൽ പി കെ ശശി എംഎൽഎയും ഉദ്ഘാടനം ചെയ്യും. മയ്യിൽ ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ പങ്കെടുക്കും. പെരിങ്ങോം ബ്ലോക്കിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതിന കണിച്ചേരി ഉദ്ഘാടനം ചെയ്യും. 
'ഹൃദയപൂർവം' എന്ന പേരിൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി സെപ്തംബർ മൂന്നുമുതൽ തലശേരി ജനറൽ ആശുപത്രിയിലേക്കും വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലും പേരാവൂർ താലൂക്ക് ആശുപത്രിയിലുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച ഭക്ഷണവിതരണം ഒരുദിവസംപോലും മുടങ്ങിയിട്ടില്ലെന്നും മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനമായി ഈ സംരംഭം മാറുകയാണെന്നും ജില്ലാ സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി രാജീവൻ, ഒ കെ വിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് മനുതോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top