24 September Monday

വിമാനത്താവള പരിസരത്ത‌് 5000 ഏക്കർ ഏറ്റെടുക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday Jul 14, 2018
കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിന‌് അനുബന്ധമായി വികസന സാധ്യതകൾ ഉപയോഗപ്പെടുത്താനായി  മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലുമായി  സർക്കാർ  അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ കിൻഫ്രയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.  ടൂറിസം, ഹെൽത്ത‌്, വ്യവസായം, ഐടി, കൃഷി, പരമ്പരാഗത വ്യവസായം  തുടങ്ങി നിരവധി മേഖലകളാണ് വിമാനത്താവളം വഴി കണ്ണൂരിന് തുറന്നുകിട്ടുന്നത്. ഇതൊക്കെ ഉപയോഗപ്പെടുത്തണമെങ്കിൽ  വലിയ തോതിൽ പശ്ചാത്തല സൗകര്യമൊരുക്കേണ്ടതുണ്ട്്. ഇത‌് മുന്നിൽകണ്ടാണ്  ഭൂമി  ഏറ്റെടുക്കുന്നത്. ഇവിടങ്ങളിൽ ചെറുകിട സംരംഭങ്ങൾമുതൽ സംസ്കരണ ശാലകൾ, കാർഗോയടക്കമുള്ളവ സ്ഥാപിക്കാൻ സാധിക്കും. വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററാക്കുന്നതിനായി പനയത്താംപറമ്പ് ഭാഗത്ത് അഞ്ഞൂറ‌് ഏക്കർ ഭൂമി  എടുക്കുന്നതിന് നടപടിയായിട്ടുണ്ട്.
 കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ  വ്യവസായ പാർക്ക് സ്ഥാപിക്കാനായി നേരത്തെ 140 ഏക്കർ ഭൂമി കിൻഫ്ര ഏറ്റെടുത്തു. അതു വിപുലപ്പെടുത്തുന്നതിന് മുൻതൂക്കം നൽകിയാണ് സ്ഥലമേറ്റെടുപ്പ്.  പാർക്കിലേക്കുള്ള റോഡ് നിർമാണത്തിന് 53.90 ഏക്കർ  ഏറ്റെടുത്തു.12.5 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം.  പാർക്കിനോട് ചേർന്ന് പട്ടാന്നൂർ, കൂടാളി വില്ലേജിൽ  1029 ഏക്കർ, കോളാരി വില്ലേജിലെ നാലാങ്കേരിയിൽ 876 ഏക്കർ എന്നിങ്ങനെ പാർക്ക് വികസനത്തിന്  ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചു. മട്ടന്നൂർ‐ ഇരിക്കൂർ റോഡിൽ വെള്ളിയാംപറമ്പിനോട് ചേർന്ന് 500 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. പടിയൂർ വില്ലേജിൽ പഴശ്ശി ഡാമിനോട് ചേർന്ന് 708 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ പഴശ്ശി ഡാമിനെ ഉപയോഗപ്പെടുത്തി ‘പഴശ്ശി സാഗർ’  വൈദ്യുത പദ്ധതിയുടെ നിർമാണം തുടങ്ങി. അതുകൂടി മുന്നിൽകണ്ടാണ് ഇവിടെ  കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത്. 
കൂത്തുപറമ്പിൽ പുത്തൂർ, മൊകേരി, ചെറുവാഞ്ചേരി വില്ലേജുകളിലായി 506 ഏക്കറാണ് ഏറ്റെടുക്കുന്നത്. ആരോഗ്യവകുപ്പിനുവേണ്ടിയാണ് ഈ ഭൂമി ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. അതിൽ 200 ഏക്കറിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി സർക്കാർ പ്രഖ്യാപിച്ചു.  മട്ടന്നൂർ‐ ഇരിട്ടി ഹൈവേയുടെ ഇടതുഭാഗത്തായി ചാവശേരിയിൽ 227.98 ഏക്കർ ഭൂമി, കണ്ണൂർ ‐മട്ടന്നൂർ റോഡിൽ വെള്ളപ്പറമ്പിനോട് ചേർന്ന് 313.8 ഏക്കർ ഭൂമി എന്നിവയും ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവായി.
പ്രധാന വാർത്തകൾ
Top