16 October Tuesday

മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു മാക്കൂട്ടം ചുരം പാതയിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം റോഡിലെ രക്ഷാപ്രവർത്തനം

ഇരിട്ടി
കർണാടകത്തിലെ മാക്കൂട്ടം ചുരം പാതയിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം. മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റ ഒരാളെ കണ്ണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി‐ ബംഗളൂരു അന്തർസംസ്ഥാന പാത അടച്ചു. പേരാവൂർ﹣മാനന്തവാടി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. 
 മാക്കൂട്ടം ബ്രഹ്മഗിരി വനത്തിൽ പന്ത്രണ്ട് സ്ഥലങ്ങളിലും കേരളാതിർത്തിയിലെ പാറയ്ക്കാമലയിലുമുണ്ടായ ഉരുൾപൊട്ടലിലാണ‌് വ്യാപക നാശം. മാക്കൂട്ടം അമ്പുവിന്റെ കട നാമാവശേഷമായി. ഈ പീടികക്കടുത്ത മാക്കൂട്ടം പാലം ഉരുൾപൊട്ടലിൽ തകർന്നതിനെതുടർന്നാണ് ഇന്റർസ്റ്റേറ്റ് ഹൈവേ അടച്ചത്. ഇതുവഴിയുള്ള മെക്കാഡം റോഡും പാതി പിളർന്നു. കരകവിഞ്ഞ് ഗതിമാറിയൊഴുകുന്ന മാക്കൂട്ടം തോട് പ്രദേശത്തെ ഹെക്ടർകണക്കിന് റബർത്തോട്ടങ്ങളും കൃഷിയിടങ്ങളും തകർത്തു.  വന്മരങ്ങൾ ഉരുൾപൊട്ടലിൽ റോഡിലേക്കും കൃഷിസ്ഥലങ്ങളിലേക്കും കടപുഴകിയെത്തി. റോഡിലും തോട്ടിലും പുഴയിലും മരങ്ങൾ അടിഞ്ഞുകിടപ്പാണ്.  ഗതാഗതം പുന:സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനും ജില്ലാ ഭരണകേന്ദ്രം സൈന്യത്തിന്റെ സഹായം തേടി. 
മാക്കൂട്ടത്ത് മരം കടപുഴകി ചെങ്കൽ ലോറിക്ക് മുകളിൽ വീഴുന്നത് കണ്ട് രക്ഷപ്പെട്ടോടിയ തൊഴിലാളിയായ വിളമന 29ാം മൈലിലെ ശരത്താണ് മരിച്ചത്. ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുന്നതിനിടിയിലാണ് മൃതദേഹം മാക്കൂട്ടത്തെ തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം വീരാജ്പേട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. വീരാജ്പേട്ടയിൽ ചെങ്കല്ലിറക്കി തിരികെ വരുമ്പോൾ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെടുകയായിരുന്നു.  ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ബാരാപോൾ മിനിജലവൈദ്യുത പ്ലാന്റ് പ്രവർത്തനം നിർത്തിവച്ചു.
മാക്കൂട്ടത്തിനടുത്ത് കേരളാതിർത്തിയിൽ പുതിയ കൂട്ടുപുഴ പാലം നിർമിക്കുന്നേടത്തെ പുഴ പുറമ്പോക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഒമ്പതു വീടുകളിൽ എട്ടെണ്ണവും തകർന്നു. കിളിയന്തറ വരെയുള്ള കേരളാതിർത്തിയിലെ പുഴയിറമ്പുകളിൽ താമസിക്കുന്ന എട്ട് വീടുകളും വെള്ളപ്പൊക്കത്തിൽ ഭാഗികമായി തകർന്നു. രണ്ടിടത്തെയും 17 മലയാളി കുടുംബങ്ങളെ കിളിയന്തറ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ക്ലാസ് മുറികളിലേക്ക് മാറ്റി. ക്യാമ്പിൽ 82 പേരുണ്ട്.  പായം പഞ്ചായത്ത് മുൻകൈയെടുത്താണിവരെ ചൊവ്വാഴ്ച അർധരാത്രിയോടെ ക്യാമ്പിൽ എത്തിച്ചത്. ഭക്ഷ്യസാധനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ്   എത്തിച്ചു.
 ചൊവ്വാഴ്ച രാത്രി ഒമ്പത് മുതൽ വനമേഖലയിൽ പന്ത്രണ്ടിടത്താണ‌് ഉരുൾപൊട്ടിയത്. ബാരാപോൾ പുഴ തൽക്ഷണം കരകവിഞ്ഞു. മാക്കൂട്ടം, പേരട്ട, കച്ചേരിക്കടവ്, മുടിക്കയം, കച്ചേരിക്കടവ് ഭാഗങ്ങൾ വെള്ളത്തിലായി. ആർത്തലച്ച് ഗതിമാറിയൊഴുകിയ പുഴയും വെള്ളപ്പൊക്കവും കണ്ട് പരിഭ്രാന്തരായ പുഴയോരങ്ങളിലെ വീട്ടുകാർ ജീവനുംകൊണ്ട് രാത്രി ഓടി രക്ഷപ്പെട്ടു. നാൽക്കാലികളും കോഴികളും വീട്ടുസാധനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മാക്കൂട്ടം ചെറിയ പാലം റോഡും പാലവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചുരം റോഡിൽ കുടുങ്ങിയ യാത്രക്കാരെ 12 മണിക്കൂർ കഴിഞ്ഞ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പതിനഞ്ചിലധികം ബസുകൾ അടക്കം ഏറെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടപ്പാണ്. പുഴ ഗതിമാറി വള്ളിത്തോട് ടൗണും വെള്ളത്തിലായി. വൈകിട്ട് ആറരക്കാണ് അയ്യങ്കുന്ന് പാറയ്ക്കാമലയിൽ ഉരുൾപൊട്ടിയത്. ഇതുകൂടിയായപ്പോൾ കോളിക്കടവ് ഗ്രാമവും വെള്ളത്തിലായി. നാട്ടുകാരും സിപിഐ എം പ്രവർത്തകരും പായം, അയ്യങ്കുന്ന് പഞ്ചായത്ത് അധികൃതരും ചൊവ്വാഴ്ച രാത്രി ഉറക്കമിളച്ച് നടത്തിയ രക്ഷാപ്രവർത്തനങ്ങൾ പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ അതിജീവിക്കാൻ സഹായകമായി. 
ഇരു സംസ്ഥാന പാതകളിലും കുടുങ്ങിയ നൂറ് കണക്കിന് യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനും മാനന്തവാടി വഴി യാത്ര തുടരാനും സഹായവുമായി നാട്ടുകാരും കർണാടക, കേരള പൊലീസ്, വനം, റവന്യൂ, ഫയർ ഫോഴ്സ് വിഭാഗങ്ങളും നേതൃത്വം നൽകി. ബുധനാഴ്ച ഉച്ചയോടെ കുടുങ്ങിയ യാത്രക്കാരെ മുഴുവൻ രക്ഷപ്പെടുത്തി.  
പാറയ്ക്കാമല ഉരുൾപൊട്ടലിൽ 17 വീടുകളിൽ വെള്ളം കയറി. ഇരുപതോളം കൃഷിക്കാരുടെ കൃഷിയിടങ്ങൾ തകർന്നു. ഗതാഗതവും വൈദ്യുതിയും മുടങ്ങി. ഉരുൾപൊട്ടൽ മേഖലകൾ സണ്ണിജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ അശോകൻ, ഷീജാ സെബാസ്റ്റ്യൻ, തഹസീൽദാർ കെ കെ ദിവാകരൻ, സിപിഐ എം നേതാക്കളായ പി വി ഗോപിനാഥ്, കെ ശ്രീധരൻ, ബിനോയ്കുര്യൻ എന്നിവർ സന്ദർശിച്ചു. പൊലീസും ഫയർ ഫോഴ്സും റവന്യൂ സംഘവും മേഖലയിലുണ്ട്.
 
 
പ്രധാന വാർത്തകൾ
Top