18 August Saturday

കാറ്റും മഴയും കെഎസ‌്ഇബിയുടെ നഷ്ടം 2.2 കോടി

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018
കണ്ണൂർ
 കഴിഞ്ഞ ഏതാനും ദിവസം ജില്ലയിൽ പെയ്ത കനത്തമഴയിലും കാറ്റിലും വൈദ്യുതിവകുപ്പിന് 2.2 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. അടുത്തകാലത്തൊന്നുമില്ലാത്തത്ര വൻ നാശനഷ്ടമാണിത‌്. യുദ്ധകാലാടിസ്ഥാനത്തിൽ കെഎസ്ഇബി ജീവനക്കാർ രാവുംപകലും ഒരുപോലെ പ്രവർത്തിച്ചാണ് ഒരുപരിധിവരെ ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിച്ചത്. മറ്റെല്ലാ ജോലികളും മാറ്റിവച്ച‌് ആയിരത്തോളം ജീവനക്കാർ തകർന്ന വൈദ്യുതി ഉപകരണങ്ങൾ മാറ്റാനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും അക്ഷീണപ്രയത്നം നടത്തി. വൈദ്യുതി ലൈൻ കടന്നുപോകുന്ന വഴിയിലെ മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റി പ്രീമൺസൂൺ പ്രവൃത്തികൾ നടത്തിയിരുന്നുവെങ്കിലും ശക്തമായ കാറ്റിൽ മരങ്ങൾ പൊരിഞ്ഞുവീണും വൻ ശാഖകൾ പൊട്ടിവീണുമാണ് വൈദ്യുതിലൈനുകൾ തകർന്നത്.  വൈദ്യുതി ജീവനക്കാർക്ക്  ഇരട്ടിപ്പണിയാണ് ഇത‌് വരുത്തിവച്ചത്. ജീവനക്കാർതന്നെ പല സ്ഥലങ്ങളിലും മരങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു.
  കണ്ണൂർ സർക്കിളിൽ ഉൾപ്പെടുന്ന കണ്ണൂർ, തലശേരി ഡിവിഷനുകളിലാണ് ഇത്തവണ മലയോരമേഖലയേക്കാൾ കൂടുതൽ നാശമുണ്ടായത്. 1.66 കോടി രൂപ. പയ്യന്നൂർ മുതൽ ഇരിക്കൂർവരെ ദൈർഘ്യമുള്ള ശ്രീകണ്ഠപുരം സർക്കിളിൽ  54.24 ലക്ഷം രൂപയുടെ നഷ്ടമേ ഉണ്ടായുള്ളൂ. രണ്ട് ട്രാൻസ്ഫോമറുകൾ ശ്രീകണ്ഠപുരം സർക്കിളിൽ നശിച്ചു.  കണ്ണൂർ സർക്കിളിൽ ഹൈടെൻഷൻ വൈദ്യൂതി കടന്നുപോകുന്ന 49 തൂണുകളും 357 ലോടെൻഷൻ തൂണുകളും തകർന്നുവീണു. 259 ഹൈടെൻഷൻ കണ്ടക്ടറുകളും 4698 ലോവർ ടെൻഷൻ കണ്ടക്ടറുകളും നശിച്ചു.  പല പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി. പ്രവൃത്തി നടക്കുന്നതിനാൽ പകലും വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നു.
ശ്രീകണ്ഠപുരം സർക്കിളിൽ   23 ഹൈടെൻഷൻ തൂണുകളും 259 ലോടെൻഷൻ തൂണുകളും തകർന്നിരുന്നു. 34 ഹൈടെൻഷൻ കണ്ടക്ടറുകളും 1020ലോ ടെൻഷൻ കണ്ടക്ടറുകളുംതകർന്നു.
പ്രധാന വാർത്തകൾ
Top