19 October Friday

ആര്‍എസ്എസ് അക്രമവാഴ്ചക്ക് താക്കീത്

സ്വന്തം ലേഖകന്‍Updated: Sunday Jan 14, 2018

ആര്‍എസ്എസ് അക്രമത്തിനെതിരെ പാനൂരില്‍ നടന്ന പ്രതിരോധറാലി സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

പാനൂര്‍> ആര്‍എസ്എസ് ആക്രമണത്തിനെതിരെ പാനൂരില്‍ ജനസഹസ്രങ്ങള്‍ അണിനിരന്ന പ്രതിരോധറാലി. ആര്‍എസ്എസ് രക്തദാഹത്തിനുമുന്നില്‍ കീഴടങ്ങില്ലെന്നും ഞങ്ങള്‍ക്കും ജീവിക്കണമെന്നും പ്രഖ്യാപിച്ച റാലി കൊലയാളികള്‍ക്ക് താക്കീതായി. നാടിന്റെ സമാധാനവും സ്വൈരജീവിതവും തകര്‍ക്കാന്‍ ഇനിയും ആയുധമെടുത്താല്‍ പ്രതിരോധമുയര്‍ത്തുമെന്ന് പാനൂര്‍ ജനത മുന്നറിയിപ്പ് നല്‍കി. കൊലപാതകത്തിനും കൊല്ലാക്കൊല രാഷ്ട്രീയത്തിനുമെതിരെ സിപിഐ എം ഏരിയാകമ്മിറ്റിയാണ് പ്രതിരോധറാലി സംഘടിപ്പിച്ചത്. 
കൈവേലിക്കല്‍, പാറാട്, കടവത്തൂര്‍, താഴെപൂക്കോം, താഴെചമ്പാട്, പാത്തിപ്പാലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രതാജാഥകള്‍ പാനൂര്‍ ടൌണില്‍ സംഗമിച്ചതോടെയാണ് റാലി ആരംഭിച്ചത്. പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാകമ്മിറ്റി അംഗം പി ഹരീന്ദ്രന്‍ അധ്യക്ഷനായി. ജില്ലസെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. 
ആര്‍എസ്എസ് അക്രമ ദൃശ്യങ്ങളടങ്ങിയ ബോര്‍ഡുകളും കൊല്ലാക്കൊലക്ക് ഇരയായവരുടെ ഫോട്ടോയുമായി ആറ് കേന്ദ്രത്തില്‍ നിന്നാരംഭിച്ച ജാഗ്രതാകാല്‍നടജാഥകളില്‍ സ്ത്രീകളുള്‍പ്പെടെ വന്‍ജനാവലിയാണ് അണിനിരന്നത്. കൈവേലിക്കലില്‍നിന്നാരംഭിച്ച ജാഗ്രതാജാഥക്ക് ജില്ലാസെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പാറാട് ജാഥക്ക് ജില്ലാസെക്രട്ടറിയറ്റംഗം വി നാരായണന്‍ നേതൃത്വം നല്‍കി. എ വി ബാലന്‍ അധ്യക്ഷനായി. എ പി ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. 
കടവത്തൂര്‍ ജാഥക്ക് ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നേതൃത്വം നല്‍കി. എ രാഘവന്‍ അധ്യക്ഷനായി. സി എസ് ബാബു സ്വാഗതം പറഞ്ഞു. താഴെ പൂക്കോത്തുനിന്നാരംഭിച്ച ജാഥക്ക് ജില്ലാസെക്രട്ടറിയറ്റംഗം കെ കെ നാരായണന്‍, പി ഹരീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ പി വിജയന്‍ അധ്യക്ഷനായി. വി കെ രാകേഷ് സ്വാഗതം പറഞ്ഞു. താഴെ ചമ്പാട് നിന്നുള്ള ജാഥ സംസ്ഥാനകമ്മിറ്റി അംഗം ടി കൃഷ്ണന്‍, കെ കെ പവിത്രന്‍ എന്നിവര്‍ നയിച്ചു. ഇ വിജയന്‍ സ്വാഗതം പറഞ്ഞു. പാത്തിപ്പാലം ജാഥക്ക് വത്സന്‍ പനോളി, കെ ഇ കുഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി. പി ശശി അധ്യക്ഷനായി. ടി പി രാജന്‍ സ്വാഗതം പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top