17 November Saturday

കേരളസമൂഹത്തിന്റെ കൂട്ടായ്മ ലോകത്തിനു മാതൃക: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

കണ്ണൂർ
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ വീണ്ടെടുക്കാൻ കേരള സമൂഹം നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാവുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നവകേരള നിർമാണത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽനടന്ന ഫണ്ട് ശേഖരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
സമൂഹത്തിലെ അവശതയനുഭവിക്കുന്ന ആളുകൾ പോലും അവരുടെ ക്ഷേമ പെൻഷൻ തുക ഉൾപ്പെടെയുള്ള സംഖ്യ ദുരിതമനുഭവിക്കുന്നവർക്കായി നൽകാൻ മുന്നോട്ടുവന്നു. ഇഷ്ടപ്പെട്ട സാധനങ്ങൾ സ്വന്തമാക്കാൻ കൊച്ചുകുട്ടികൾ മാസങ്ങളായി സ്വരുക്കൂട്ടി വച്ച തുകയും വിദ്യാർഥികൾ അവർക്ക് ലഭിച്ച സ്കോളർഷിപ്പ് സംഖ്യയും വീട്ടമ്മമാർ തങ്ങളുടെ മാലയും വളയും ആരാധനാലയങ്ങൾ അവയ്ക്ക് ലഭിച്ച സംഭാവനകളും പ്രളയബാധിതരുടെ കണ്ണീരൊപ്പാനായി നൽകുന്ന കാഴ്ച പ്രളയം കേരളത്തിന്റെ മനസ്സിനെ എത്രമാത്രം ആർദ്രമാക്കി മാറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്.
 യുഎഇ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും അത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രളയകാലത്തും അതിനു ശേഷവും അയൽ സംസ്ഥാനങ്ങൾ നൽകുന്ന സഹായങ്ങൾ എടുത്തുപറയേണ്ടതാണ്.  മഹാപ്രളയത്തെ അതിജീവിച്ച കേരള ജനത പ്രളയാനന്തരമുള്ള വെല്ലുവിളികളെയും ധീരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
Top