Top
23
Saturday, September 2017
About UsE-Paper

കൌമാരക്കാരിലേക്ക് ഡോക്ടറെത്തുന്നു; 'തളിരി'ലൂടെ

Wednesday Sep 13, 2017
സ്വന്തം ലേഖകന്‍
കണ്ണൂര്‍> കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കണ്ണൂര്‍ ഒബ്സ്റ്റട്രിക് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ 'തളിര്‍' പദ്ധതി. ശാരീരികവും മാനസികവുമായ പിരിമുറുക്കം നേരിടുന്ന കൌമാരപ്രായക്കാരിലേക്ക് ഡോക്ടര്‍മാര്‍ നേരിട്ടെത്തുന്നതാണ് പദ്ധതി. തുടക്കത്തില്‍ അഞ്ച് സ്കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി ജില്ലയിലെമ്പാടും വ്യാപിപ്പിക്കും. 
ആരോഗ്യ പരിശോധന, ബോധവല്‍ക്കരണ ക്ളാസ്, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള കൌണ്‍സലിങ് തുടങ്ങിയവ അടങ്ങിയതാണ് പദ്ധതി. വ്യായാമം അടങ്ങിയ നല്ല ജീവിതരീതി പാലിക്കാനും ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനുമാണ്  പദ്ധതി. 
കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ക്ളാസ് മാത്രമാണ് നേരത്തെ സ്കൂളുകളില്‍ നല്‍കിയിരുന്നത്. കണ്ണൂര്‍ സെന്റ് തെരേസാസ്, പയ്യാമ്പലം ഗവ. ഗേള്‍സ്, ടൌണ്‍ ഗവ. എച്ച്എസ്എസ്, മുനിസിപ്പല്‍ എച്ച്എസ്എസ്, പള്ളിക്കുന്ന് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ തളിര്‍ നടപ്പാക്കുക. രണ്ടാം ഘട്ടം ഒക്ടോബറില്‍ തുടങ്ങും. മലയോര മേഖലകളിലും ആദിവാസിമേഖലകളിലുമാണ് രണ്ടാംഘട്ടം. പദ്ധതി വ്യാപിപ്പിക്കുന്നതോടെ സൊസൈറ്റിയിലെ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും കുട്ടികള്‍ക്ക് നല്‍കും. ഇതുവഴി കുട്ടികള്‍ക്ക് നേരിട്ട് വിളിച്ച് സംശയംദുരീകരിക്കാം. 
പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകുമെന്ന് കണ്ണൂര്‍ ഒബ്സ്റ്റട്രിക് ഗൈനക്കോളജിക്കല്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'വാക്കത്തോണ്‍' രാവിലെ  ഒമ്പതിന് ഐഎംഎ ഹാളില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള സൌജന്യ ആരോഗ്യക്യാമ്പും പരിപാടിയോടനുബന്ധിച്ച് നടക്കും. 
ജില്ലാ പൊലീസ് ചീഫ് ജി ശിവവിക്രം, ഗായിക സയനോര ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളാകും. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദോഷവശം സംബന്ധിച്ച് ഡോ. സജീവ്കുമാര്‍ പ്രഭാഷണം നടത്തും. കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സുചിത്ര, ഡോ. ഷൈജസ്, ഡോ. ബീന എന്നിവര്‍ പങ്കെടുത്തു. 

Related News

കൂടുതൽ വാർത്തകൾ »