21 September Friday

കണ്ണൂർ റെയിൽവേ സ‌്റ്റേഷനിൽ ലിഫ‌്റ്റും എസ‌്കലേറ്ററും നോക്കുകുത്തി

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

 കണ്ണൂർ

 കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റുപയോഗം യാത്രക്കാർക്ക് ഗുണമാകുന്നില്ല. മേൽപാലത്തിലെ തിരക്ക് അനിയന്ത്രിതം.  സ്റ്റേഷനിൽ  ഒരു ലിഫ്റ്റും ഒരു എസ്കലേറ്ററും ഉണ്ടെങ്കിലും   യാത്രക്കാർക്ക‌് വേണ്ടത്ര ഗുണകരമാകുന്നില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മുകളിൽ മേൽപാലത്തിൽ കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ അഞ്ച് പേർക്കാണ് കയറാൻ സാധിക്കുക.  ഭാരമുള്ള നാലാൾ കയറിയാൽതന്നെ അലാറം ശബ്ദിക്കും.  ലിഫ‌്റ്റിന്റെ  കപ്പാസിറ്റി കുറഞ്ഞതാണ‌് പ്രശ‌്നമായത‌്.  നിർമാണ സമയത്തുതന്നെ പ്രശ‌്നം  റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹരിച്ചില്ല. കിഴക്ക് ഭാഗത്തുനിന്ന് മേൽപാലത്തിലേക്ക് കയറാനുള്ള ലിഫ്റ്റ് വലുതാണ്.
   വടക്കുഭാഗത്ത് നിർമിച്ച എസ്കലേറ്റർ യാത്രക്കാർക്ക് വേണ്ടത്ര ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ളതല്ല. മിക്ക ദിവസങ്ങളിലും ഇത് തകരാറായിരിക്കും. ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടും മൂന്നിലേക്കും നിർമിക്കുന്ന അടിപ്പാതയാണ് ഈ ഭാഗത്ത് തിരക്ക് കുറക്കാൻ അൽപ്പം ആശ്വാസമാകുക. ഇതിന്റെ നിർമാണം അനിശ്ചിതമായി വൈകുകയാണ്.  ആറുമാസംകൊണ്ട് പൂർത്തീകരിക്കുമന്ന് പറഞ്ഞ പ്രവൃത്തി രണ്ട് വർഷത്തിലേറെ നീണ്ടു. അടിപ്പാതയുടെ റെയിൽവേ ട്രാക്ക് ഭാഗത്തെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് പ്ലാറ്റ‌്ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം പൂർണമായും അടിപ്പാത ഭാഗത്താണ് എത്തുന്നത്. 
ഈ വെള്ളം മോട്ടോർ ഉപയാഗിച്ച‌് വറ്റിച്ചാണ്  പ്രവൃത്തി നടത്തുന്നത്.    രാവിലെയും വൈകിട്ടും  രണ്ട് ട്രെയിനുകൾ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയാൽ   പുറത്തിറങ്ങാൻ പെടാപ്പാട‌് പെടുകയാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top