24 September Monday

പാലം എസ്റ്റിമേറ്റിൽ മാറ്റംവരുത്തി വികസനം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും പിൻമാറണം

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
പെരിങ്ങോം
ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ പട്ടികവർഗ കോളനിയിലെ പാലം നിർമിക്കാൻ തയ്യാറാക്കിയ എസ്റ്റിമേറ്റിൽ മാറ്റംവരുത്തി വികസനം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും അധികൃതർ പിന്മാറണമെന്ന് സിപിഐ എം പുളിങ്ങോം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കോർപസ് ഫണ്ടിൽനിന്നും 1.5 കോടി രൂപയാണ് പാലം നിർമാണത്തിന‌് സർക്കാർ അുവദിച്ചത്.  
നിർമാണത്തിന്റെ ചുമതല ആദ്യം ഏൽപ്പിച്ച ഏജൻസിയിൽ പട്ടികവർഗ വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് തദ്ദേശ ഭരണ എൻജിനിയർ  വിഭാഗത്തോട് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 4.5 ലക്ഷത്തോളം രൂപ  പഞ്ചായത്ത് ഫണ്ട് മുടക്കിയാണ് കണ്ണൂർ എൻജിയറിങ‌് കോളേജ് എൻജിനിയറിങ‌് വിഭാഗം സോയിൽ ആൻഡ‌് സ്ട്രക്ച്ചറൽ ഇൻവെസ്റ്റിഗേഷൻ നടത്തിയത്. അവർ അനുയോജ്യ സ്ഥലം നിർണയിക്കുകയും ചെയ്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സാങ്കേതിക അനുമതിക്ക് സമർപ്പിച്ചപ്പോഴാണ് മുൻ തീരുമാനത്തിന‌് വിരുദ്ധമായി പാലത്തിന്റെ അലൈൻമെന്റ് മാറ്റിയും ഉയരം കുറച്ചും അപ്രോച്ച് റോഡ്, സുരക്ഷാ ഭിത്തി  നിർമാണ പ്രവൃത്തി ഒഴിവാക്കിയും നിർമാണം നടത്തിയാൽ മതിയെന്ന് സൂപ്രണ്ട് എൻജിനിയർ നിർദേശിച്ചത്. സി കൃഷ്ണൻ എംഎൽഎ ഇടപെട്ടതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച സബ‌് കലക്ടർ, എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ പ്രദേശവാസികളും ജനപ്രതിനിധികളുമായി സംസാരിച്ചുണ്ടാക്കിയ ധാരണ അംഗീകരിക്കാൻ പോലും തയ്യാറാകാതെയാണ് സൂപ്രണ്ട് എൻജിനിയർ ഏകപക്ഷീയമായി പ്രവൃത്തി വെട്ടികുറക്കാൻ നിർദേശിച്ചത്. കോളനിവാസികളുടെ ചിരകാലാഭിലാഷമായ പാലം നിർമാണം തുരങ്കം വയ‌്ക്കാനുള്ള നീക്കത്തെ  ശക്തമായി എതിർക്കും. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വിനിയോഗിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടിനെതിരെ  18 ന‌് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് ബഹുഹുജ മാർച്ച് സംഘടിപ്പിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top