19 October Friday

ജൂലൈ 23ന് വനിതാ കർഷകരുടെ പ്രതിഷേധ കൂട്ടായ്മ

സ്വന്തം ലേഖകൻUpdated: Wednesday Jun 13, 2018

കർഷകസംഘം സംസ്ഥാന വനിതാ കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ 

കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ  സംഘടിതരാക്കുന്നതിനും ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനുമുള്ള ക്രിയാത്മക ചർച്ചയുമായി കർഷകസംഘം സംസ്ഥാന വനിതാ കൺവൻഷൻ. സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിഅഞ്ഞൂറോളം വനിതാ കർഷകർ പങ്കെടുത്ത കൺവൻഷൻ ഇ കെ നായനാർ അക്കാദമിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു.  കർഷകസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ 'വനിതകൾക്കുള്ള കാർഷിക നയം'  കരട്രേഖ അവതരിപ്പിച്ചു.  രാജ്യത്തെ കൃഷിക്കാരായ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ സജീവ ചർച്ചയായി.    കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് വേണ്ടത്ര പരിഗണന  ലഭിക്കുന്നില്ലെന്ന വിമർശം ഉയർന്നു.  ഇടതുപക്ഷ സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്ത് കാർഷിക മേഖലയിലുണ്ടായ പുത്തുനുണർവ് ഉപയോഗപ്പെടുത്തി കൃഷിയും അനുബന്ധ മേഖലയും ശക്തിപ്പെടുത്തുന്നതിന് സജീവമായി ഇടപെടണമെന്ന നിർദേശവും കൺവൻഷനിൽ ഉയർന്നു.  
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും  ഡീസൽ, പെട്രോൾ വില വർധന, റേഷൻ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ ജനകീയ പ്രശ്നങ്ങളുയർത്തിയും ജൂലൈ 23ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വനിതാ കർഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു.   30നകം ജില്ലാതലത്തിലും തുടർന്ന് ഏരിയാതലത്തിലും സബ്കമ്മിറ്റികൾ രൂപീകരിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ‐ഏരിയാ വനിതാ കർഷക കൺവൻഷനുകൾ ചേരും.  
 കന്നുകാലി വളർത്തലടക്കം ഉപജീവനമാക്കിയ വനിതകളെ കാർഷിക വികസനത്തിൽ പൂർണ പങ്കാളിയാക്കുന്നതിന് കാർഷിക വനിത നയവും നിയമങ്ങളും വേണം,  വനിതകൾക്ക് മാത്രമായി കാർഷിക പദ്ധതി പ്രഖ്യാപിക്കണം, കാർഷിക അനുബന്ധ പദ്ധതികളിൽ 50 ശതമാനം വനിതാ കാർഷിക പദ്ധതികളാക്കുക, എല്ലാ പഞ്ചായത്തുകളിലെയും കൃഷിഭവനുകളിൽ കൃഷിചെയ്യുന്ന വനിതകളെ  രജിസ്റ്റർചെയ്ത‌് കൃഷിക്കാരി കാർഡ് നൽകുക, പുഷ്പ കൃഷി നേഴ്സറികൾ, മത്സ്യവളർത്തൽ, കോഴി, താറാവ്, കാട,  കൂൺ, പച്ചക്കറി  കൃഷി  എന്നീ മേഖലകളിൽ സ്ത്രീകൾക്ക് തൊഴിലവസരം ലഭ്യമാക്കുന്ന പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ 14 ആവശ്യങ്ങൾ കൺവൻഷൻ ഉന്നയിച്ചു. ശ്രീരഞ്ജിനി വിശ്വനാഥൻ അധ്യക്ഷയായി. പി കെ ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തി.  കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, സെക്രട്ടറി കെ വി രാമകൃഷ്ണൻ, അഖിലേന്ത്യാ  ജോ. സെക്രട്ടറി കെ കെ രാഗേഷ‌്, സംസ്ഥാന വൈസ‌് പ്രസിഡന്റ് എം വിജയകുമാർ,   ജോയിന്റ് സെക്രട്ടറിമാരായ ഗോപി കോട്ടമുറിക്കൽ, സി എച്ച് കുഞ്ഞമ്പു, ജില്ലാ പ്രസിഡന്റ്‌ ഒ വി നാരായണൻ, ജി വേണുഗോപാൽ, പി വിശ്വൻ, എന്നിവർ പങ്കെടുത്തു. കർഷകസംഘം സംസ്ഥാന ട്രഷറർ എം പ്രകാശൻ സ്വാഗതവും ജില്ലാ സെക്രട്ടറി വത്സൻ പനോളി നന്ദിയും  പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top