22 June Friday

തൃച്ഛംബരം അക്രമം സംഘപരിവാരം ലക്ഷ്യമിട്ടത് വൻ കലാപം

പ്രത്യേക ലേഖകൻUpdated: Tuesday Mar 13, 2018
കണ്ണൂർ > കീഴാറ്റൂർ വയൽസമര നേതാക്കളെ കൊലപ്പെടുത്തി തളിപ്പറമ്പ് മേഖലയിൽ വ്യാപക കലാപത്തിനാണ് ആർഎസ്എസും സംഘപരിവാരവും പദ്ധതിയിട്ടതെന്ന് വ്യക്തം. കൂട്ടക്കൊലപാതകത്തിന്റെ പേരിൽ തൃച്ഛംബരം ക്ഷേത്രോത്സവംവരെ അലങ്കോലമാക്കാനും തുടർന്ന് തളിപ്പറമ്പ് പട്ടണത്തിലും പരിസരങ്ങളിലുമാകെ വർഗീയകലാപം ആളിക്കത്തിക്കാനുമായിരുന്നു പദ്ധതി. ഇതിനായി ആളുകളെയും ആയുധങ്ങളും സജ്ജമാക്കി നിർത്തി. തലനാരിഴ വ്യത്യാസത്തിനാണ്,  ആർഎസ്്എസ് പദ്ധതി പാളിപ്പോയത്. 
കീഴാറ്റൂരിലെ 'വയൽകിളി' സമരത്തിൽ സജീവമായി ഇടപെട്ട്  സ്വാധീനം വർധിപ്പിക്കാനും സിപിഐ എമ്മിനെയും സർക്കാരിനെയും പരമാവധി പ്രതിസന്ധിയിലാക്കാനുമുള്ള നീക്കം സംഘപരിവാരം തുടക്കത്തിലേ ആരംഭിച്ചിരുന്നു. ഇടയ്ക്കുനിന്നു പോയ സമരത്തിന് ഊർജം പകരാൻ എല്ലാ വഴികളും നോക്കുമെന്ന് കഴിഞ്ഞദിവസവും ആർഎസ്എസ്‐ ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇതനുസരിച്ച് യുവമോർച്ചയും പിന്തുണയുമാെയത്തി. ഇതിനിടയിലാണ് കുളം കലക്കി മീൻപിടിക്കാൻ ശ്രമിച്ച നിക്ഷിപ്തതാൽപര്യക്കാരെയെല്ലാം നിരാശരാക്കി വയൽസമരം ആന്റിക്ലൈമാക്സിലേക്കു നീങ്ങിയത്. 
സർക്കാരിന്റെയും സിപിഐ എമ്മിന്റെയും സ്ഥലം എംഎൽഎയുടെയും ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ ഭൂവുടമകൾ ബൈപ്പാസിനായി സ്ഥലംവിട്ടുകൊടുക്കാൻ മുന്നോട്ടുവന്നു. 60 ഭൂവുടമകളിൽ 56 പേരും കഴിഞ്ഞദിവസം സമ്മതപത്രം കലക്ടർക്കു കൈമാറി. കണക്കുകൂട്ടലുകൾ പിഴച്ച സംഘപരിവാരം ഉന്നതതലത്തിൽ ആലോചിച്ചുറപ്പിച്ച പദ്ധതിയാണ് കീഴാറ്റൂരിലെ ഇരട്ടക്കൊലയും തളിപ്പറമ്പ് കലാപവും. വയൽകിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരൻ രതീഷിനെ ലക്ഷ്യമാക്കിയത് ബോധപൂർവം. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ആർഎസ്എസ് കണക്കുകൂട്ടി. ഇതു വച്ച് തൃച്ഛംബരം ക്ഷേത്രോത്സവം ഉൾപ്പെടെ അലങ്കോലമാക്കി കലാപം പടർത്താം.
ഇതിനായി വിപുലമായ തയ്യാറെടുപ്പു നടത്തിയതിന്റെ വിവരങ്ങൾ കഴിഞ്ഞദിവസം പിടിയിലായ പ്രതികൾ പൊലീസിനോടു തുറന്നുപറഞ്ഞിട്ടുണ്ട്. പയ്യന്നൂർ, കണ്ണപുരം, ആലക്കോട് പ്രദേശങ്ങളിൽനിന്നുള്ള ആർഎസ്എസ് പ്രവർത്തകർ മുൻകൂട്ടി തൃച്ഛംബരത്തെ ആർഎസ്എസ് കാര്യാലയമായ വിവേകാനന്ദ മന്ദിരത്തിൽ തമ്പടിച്ചിരുന്നു. യഥേഷ്ടം ആയുധങ്ങളും സജ്ജമാക്കി. കീഴാറ്റൂരിലെ ലക്ഷ്യം പാളിയപ്പോഴായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരായ വധശ്രമം. സിപിഐ എം തിരിച്ചടിക്കുമെന്നും അതോടെ ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയെന്ന് പ്രചരിപ്പിച്ച് കലാപത്തിനു തിരികൊളുത്താമെന്നുമാണ് ആർഎസ്എസ് നേതൃത്വം കരുതിയത്. സിപിഐ എം സമാധാനപരമായി ഇടപെട്ടതും പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും എല്ലാ കണക്കുകൂട്ടലകളും തെറ്റിച്ചു.
പ്രധാന വാർത്തകൾ
Top