12 December Wednesday

ആർഎസ്എസ്സുകാർക്കെതിരെ കീഴാറ്റൂർ വധഗൂഢാലോചനക്കും കേസെടുക്കണം: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018
കണ്ണൂർ > തൃച്ഛബരം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർക്കെതിരെ കീഴാറ്റൂർ വയലിലെ കൊലപാതക ഗൂഢാലോചനയ്ക്കുകൂടി കേസെടുക്കണമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. തൃച്ഛംബരം ക്ഷേത്രോത്സവത്തിനിടെ നാല് എസ്എഫ്ഐ പ്രവർത്തകരെയാണ് ഈ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. പിടിയിലായ പ്രതികൾ കീഴാറ്റൂർ വയലിൽ അക്രമം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയതായാണ് മനസ്സിലാക്കുന്നത്. 
ഈ ക്രിമിനൽ സംഘം താവം ബാറിൽ അക്രമം നടത്തുകയും തുടർന്ന് കീഴാറ്റൂർ വയലിൽ എത്തുകയുമായിരുന്നു. അവിടെ ബസ്ഷെൽട്ടറിൽ ഇരിക്കുന്ന രതീഷിനെയും മറ്റൊരാളെയും വകവരുത്തുകയായിരുന്നു ഉദ്ദേശ്യം. അക്രമിസംഘം എത്തിയപ്പോൾ ബസ് ഷെൽട്ടറിൽ അവരുണ്ടായില്ല.  നിരാശരായി മടങ്ങുകയായിരുന്നു എന്നാണ് മൊഴി. കീഴാറ്റൂർവയൽ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ് അക്രമികൾ ലക്ഷ്യമിട്ട രതീഷ്. 
കീഴാറ്റൂർ സമരത്തിനെതിരെ സിപിഐ എം ജനങ്ങളെ അണിനിരത്തുകയാണ്. ഇതിന്റെ ഫലമായി ഭൂവുടമകളുടെ തെറ്റിദ്ധാരണ മാറി. ദേശീയപാത ബൈപ്പാസിനായി ഭൂമി വിട്ടുനൽകേണ്ട 60 ഭൂവുടമകളിൽ 56 പേരും സ്ഥലം വിട്ടു നൽകുന്നതിന് സമ്മതപത്രം ഒപ്പിട്ടുനൽകി. ഇതോടെ കാറ്റുപോയ ബലൂൺപോലെയായി സമരം. ഇതിനിടെയാണ് സംഘപരിവാരത്തിന്റെ ഭാഗമായ യുവമോർച്ച സമരത്തിന് വീര്യം പകരാനെത്തിയത്. നാടാകെ വികസനത്തിന് കൊതിക്കുമ്പോൾ വികസനവിരുദ്ധരുടെ പക്ഷംനിന്ന് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമം. ജനങ്ങളിൽനിന്ന് സമരക്കാർ ഒറ്റപ്പെടുന്നു എന്ന് മനസ്സിലാക്കിയ ആർഎസ്എസ് നേതൃത്വം അത്യന്തം ക്രൂരമായാണ് ഇരട്ടക്കൊലപാതകം  ആസൂത്രണം ചെയ്തത്.
പദ്ധതി പാളിയപ്പോൾ, പിടിയിലായ പ്രതികൾക്ക് സംഘപരിവാർ ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി കൈകഴുകുകയാണ് ബിജെപി നേതൃത്വം. പിടിയിലായ രാകേഷ് ബജ്രംഗ്ദൾ പയ്യന്നൂർ ജില്ലാ സമ്പർക്ക പ്രമുഖാണ്. ജയൻ ഉൾപ്പെടെ മറ്റുള്ളവരും ഒടിസി പരിശീലനം കഴിഞ്ഞ ആർഎസ്എസ്  'അധികാരി'കളാണ്.
ക്ഷേത്രങ്ങളിൽ വിശ്വാസികളെത്തുന്നത് ഭക്തിയോടെയാണെങ്കിൽ ആർഎസ്എസ്സുകാർ അവിടെയെത്തുന്നത് കത്തിയടക്കമുള്ള മാരകായുധങ്ങളുമായാണെന്ന് തൃച്ഛബരം ക്ഷേത്രത്തിലെ അക്രമം തെളിയിക്കുന്നു. എവിടെയും സമാധാനത്തിന്റെ ശത്രുക്കളാണ് ആർഎസ്എസ്സുകാർ.
കീഴാറ്റൂർ വയലിൽ കൊലപാതകം നടത്തി തളിപ്പറമ്പ് ഉൾപ്പെടെ മറ്റു മേഖലകളിൽ കലാപമായിരുന്നു ആർഎസ്എസ് പദ്ധതി. ഇതേ സംഘമാണ്  താവത്തും അക്രമം നടത്തിയത്.  ഇതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രീകരിച്ച്് കലാപ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കൾക്കെതിരെയും കേസെടുക്കണം.
ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബൈപ്പാസ് വിരുദ്ധ സമരത്തിൽ നിന്ന് അവശേഷിച്ചവർകൂടി പിന്മാറണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

 

പ്രധാന വാർത്തകൾ
Top