21 October Sunday

ആദ്യ കലാലയ രക്തസാക്ഷിയുടെ ജ്വലിക്കുന്ന ഓര്‍മയില്‍

പി ദിനേശന്‍Updated: Saturday Jan 13, 2018

രക്തസാക്ഷി അഷറഫിന്റെ സഹോദരി പി എന്‍ സാബിറയും പേരക്കുട്ടിയും.

തലശേരി > കൂടപ്പിറപ്പിനെ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണിന്നും സാബിറ. വേര്‍പാടിന്റെ 43 വര്‍ഷത്തിനിപ്പുറവും അഷറഫ് ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുപോവുന്നു ഇവര്‍. ബ്രണ്ണന്‍ കോളേജിന്റെ മടിത്തട്ടില്‍ കെഎസ്യു കഠാരയില്‍ പിടഞ്ഞുവീണ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഷറഫിന്റെ സഹോദരിയാണ് ന്യൂമാഹി ഈയ്യത്തുങ്കാട് ഫാത്തിമവില്ലയില്‍ പി എന്‍ സാബിറ. കേരളത്തിലെ ആദ്യകലാലയ രക്തസാക്ഷി അഷറഫിന്റെ സഹോദരങ്ങളില്‍ ജീവിച്ചിരിക്കുന്നത് ഇവര്‍ മാത്രം.

കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു അഷറഫ്ക്കയെന്ന്  സാബിറ പറഞ്ഞു. പഠിപ്പുകഴിഞ്ഞാല്‍ കപ്പലില്‍ ജോലി ശരിയാക്കിയിരുന്നു. നിക്കാഹിനെക്കുറിച്ചടക്കം സംസാരിച്ചതാണ്. എല്ലാം അവരുടെ കൊലക്കത്തിയില്‍ അവസാനിച്ചു. എന്തിനാണെന്റെ ആങ്ങളയോടിത് ചെയ്തത്...വിതുമ്പലടക്കാനാവാതെയുള്ള പെങ്ങളുടെ വാക്കുകള്‍. മുബാറക് സ്കൂളില്‍ ഒമ്പതാംക്ളാസില്‍ പഠിക്കുകയായിരുന്നു അന്ന് സാബിറ. അഷറഫ്കക്ക് കുത്തേറ്റെന്ന വിവരം ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. 
 സൈദാര്‍പള്ളിക്കടുത്ത പുതിയനെല്ലിയില്‍ വീട്ടില്‍ മയ്യത്ത് എത്തിയതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയുണ്ട്. പുതിയനെല്ലിയില്‍ വീട്ടില്‍ മമ്മുവിന്റെയും ഫാത്തിമയുടെയും മകനാണ് അഷറഫ്. എന്‍ജിനിയറായിരുന്ന മൂത്തജ്യേഷ്ഠന്‍ ഹാഷിമാണ് പഠിപ്പിനൊക്കെ സഹായിച്ചത്. കോളേജിലെ ബാസ്കറ്റ്ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. ഹോക്കിയും കളിക്കും. ഒരു പാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.  പഠനത്തിലും മിടുക്കനായിരുന്നു. മുബാറക്ക് സ്കൂളില്‍നിന്ന് മികച്ച നിലയിലാണ് ജയിച്ചത്. കുറേക്കാലം ഇക്ക മരിച്ചെന്ന് വിശ്വസിക്കാനേ സാധിച്ചില്ല.
സഹോദരന്റെ ഓര്‍മക്ക് മൂത്തമകന് മുഹമ്മദ് അഷറഫ് എന്നാണ് പേരിട്ടത്. ഉമ്മര്‍ഫാറൂഖ്, റാബിയ എന്നിവരാണ് മറ്റുമക്കള്‍. തലശേരിയിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന റസാഖാണ് സാബിറയുടെ ഭര്‍ത്താവ്. അഷറഫിന്റെ അകാലവേര്‍പാട് സൃഷ്ടിച്ച തീരാവേദനയില്‍ ലിബിയയില്‍വച്ചാണ് ജ്യേഷ്ഠന്‍ ഹാഷിം മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മയെ കാണാന്‍ പലപ്പോഴായി വീട്ടില്‍ വന്നിട്ടുണ്ടെന്ന് പി എന്‍ സാബിറ പറഞ്ഞു. 
കെഎസ്യു ആധിപത്യത്തില്‍നിന്ന് മോചിതമായ കേരളത്തിലെ ആദ്യകലാലയങ്ങളിലൊന്നാണ് ബ്രണ്ണന്‍. എസ്എഫ്ഐ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് ബ്രണ്ണനിലും അവര്‍ ആയുധമെടുത്തത്. ഇപ്പോഴത്തെ മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുള്ളവരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്യു അക്രമം അഴിച്ചുവിട്ടു. ഇതിനിടെ ശ്വാസകോശത്തിന് കുത്തേറ്റ അഷറഫ് 1974 മാര്‍ച്ച് അഞ്ചിനാണ് രക്തസാക്ഷിത്വം വരിച്ചത്. എസ്എഫ്ഐ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ഥിയും കായികതാരവുമായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top