Top
23
Tuesday, January 2018
About UsE-Paper

കോറോത്തുമുണ്ട് 'റെയില്‍വേ സ്റ്റേഷനും ട്രെയിനും'

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോറോം സെന്‍ട്രലില്‍ നിര്‍മിച്ച റെയില്‍വേ സ്റ്റേഷന്റെയും ട്രെയിനിന്റെയും മാതൃകയിലുള്ള സംഘാടകസമിതി ഓഫീസ് ഏരിയാ സെക്രട്ടറി കെ പി മധു ഉദ്ഘാടനം ചെയ്യുന്നു.
പയ്യന്നൂര്‍ > കോറോം സെന്‍ട്രലിലെ രക്തസാക്ഷി സ്മാരക വായനശാലക്ക് സമീപം ട്രെയിന്‍ കണ്ട് നാട്ടുകാര്‍ അന്തംവിട്ടു.  റെയില്‍വേട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനിനൊപ്പം കോറോം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന ബോര്‍ഡുകൂടിയായപ്പോള്‍ അമ്പരപ്പ് ഇരട്ടിയായി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോറോം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി കോറോം സെന്‍ട്രലില്‍ നിര്‍മിച്ച റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന്റെ മാതൃകയിലുള്ള സംഘാടകസമിതി ഓഫീസാണ് നാട്ടുകാര്‍ക്ക്  കൌതുകമാകുന്നത്.
ബോണ്‍സായ് സിനിമയുടെ കലാസംവിധായകന്‍ രത്നാകരന്‍ മുതിയലവും അഭിനേതാവ് വിശ്വനാഥന്‍ തളിപ്പറമ്പ്, രഞ്ജിത്ത് കൊക്കോട് എന്നിവരാണ് പാഴ്വസ്തുക്കള്‍കൊണ്ട് ഇവ നിര്‍മിച്ചത്. കവുങ്ങ് പിളര്‍ന്നാണ് റെയില്‍വേ ട്രാക്ക് നിര്‍മിച്ചത്. തെര്‍മോകോളിലാണ് ട്രെയിന്‍ ചക്രം തീര്‍ത്തത്.
സിപിഐ എം ഏരിയാ സെക്രട്ടറി കെ പി മധു തീവണ്ടിക്ക് പാര്‍ടി പതാക കെട്ടിയാണ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തത്. കലാകാരന്മാരായ രത്നാകരന്‍ മുതിയലം, വിശ്വനാഥന്‍ തളിപ്പറമ്പ്, രഞ്ജിത്ത് കോക്കോട് എന്നിവര്‍ക്ക് കെ പി മധു ഉപഹാരം നല്‍കി. കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എ വി കുഞ്ഞിക്കണ്ണന്‍, സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.