Top
20
Monday, November 2017
About UsE-Paper

ജില്ലാ കേരളോത്സവം: കൂടാളി ഒരുങ്ങുന്നു

Sunday Nov 12, 2017
സ്വന്തം ലേഖകന്‍
കൂടാളി > ജില്ലാ കേരളോത്സവത്തിന് കൂടാളിയില്‍ ഒരുക്കങ്ങള്‍ സജീവം. 26 മുതല്‍ ഡിസംബര്‍ മൂന്നുവരെ കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളിലുമായാണ് കേരളോത്സവം നടക്കുക. അയ്യായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കും. കലാ, കായിക വിഭാഗങ്ങളിലായി 54 ഇനങ്ങളിലാണ് മത്സരം. ഗെയിംസ് ഇനങ്ങള്‍ 26ന് ആരംഭിക്കും. അത്ലറ്റിക്സ് ഡിസംബര്‍ രണ്ടിന്. കലാമത്സരങ്ങള്‍ ഡിസംബര്‍ 2, 3 തീയതികളില്‍ നടക്കും. 
ഗെയിംസ് ഇനങ്ങള്‍ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്റ്റേഡിയം, മുണ്ടേരി സ്കൂള്‍ സ്റ്റേഡിയം, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, നായാട്ടുപാറ മിനി സ്റ്റേഡിയം, കൊളപ്പ സ്റ്റേഡിയം, കക്കാട് സ്വിമ്മിങ്പൂള്‍, പൂവ്വത്തൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് നടക്കുക. അത്ലറ്റിക്സ് കൂടാളി സ്കൂള്‍ മിനി സ്റ്റേഡിയത്തില്‍. കലാമത്സരങ്ങള്‍ക്ക് കൂടാളി ഹൈസ്കൂള്‍, യുപി സ്കൂള്‍, കൂടാളി വായനശാല എന്നിവിടങ്ങള്‍ വേദിയാകും.  
പ്രചാരണത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും,    കലക്ടര്‍, എസ്പി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റും സംഘടിപ്പിക്കും. ഘോഷയാത്ര, വിവിധ കലാപരിപാടികള്‍ എന്നിവയും ഒരുക്കും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ വി സുമേഷ്, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി പി നൌഫല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, ലൈബ്രറി കൌണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ആസൂത്രണ സമിതി അംഗം കെ വി  ഗോവിന്ദന്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ സരിന്‍ ശശി, ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി പ്രസാദ് കൂടാളി, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ വിനോദ് പൃത്തിയില്‍ എന്നിവര്‍ സംസാരിച്ചു.