24 October Wednesday

മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിന് തറക്കല്ലിട്ടു ഉപ്പാലവളപ്പ് ഭവന സമുച്ചയത്തിന്റെ നിര്‍മാണം വേഗത്തിലാക്കണം: മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ നിർമിക്കുന്ന ഫിഷർമെൻ ട്രെയിനിങ‌് സെന്ററിലെ പൊതുശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ‌്സിക്കുട്ടി അമ്മ നിർവഹിക്കുന്നു.

 കണ്ണൂർ

ഭൂരഹിതരും ഭവനരഹിതരുമായ മത്സ്യത്തൊഴിലാളികൾക്കായി ആയിക്കര ഉപ്പാലവളപ്പിൽ തറക്കല്ലിട്ട ഭവന സമുച്ചയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. ഇതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ നീക്കണമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക പരിശീലനം നൽകുന്നതിനായി മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ നിർമിക്കുന്ന ഫിഷർമെൻ ട്രെയിനിങ‌് സെന്ററിന്റെ തറക്കല്ലിടലും കണ്ണൂർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൊതുശുചിമുറി ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നുഅവർ. മത്സ്യത്തൊഴിലാളികൾക്കുള്ള വീട് നിർമാണത്തിന് തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട അനുമതി വലിയ പ്രശ്‌നമല്ല.  ഇത്തരം പദ്ധതികളെ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ  കലക്ടർമാർക്ക് അപേക്ഷ സമർപ്പിച്ചാൽ മതി. ഇതുമായി ബന്ധപ്പെട്ട തീരുമാനം രണ്ടുമാസം മുമ്പ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്‌.
ഫിഷറീസ് പരിശീലന കേന്ദ്രം യാഥാർഥ്യമാകുന്നതോടെ കണ്ണൂരിനു പുറമെ കോഴിക്കോട്, വയനാട്, കാസകോട‌് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ മികച്ച പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കും. കരാർ പ്രകാരം പത്ത‌് മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. 736 ചതുരശ്ര മീറ്ററിൽ രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഇരുനില ട്രെയിനിങ‌് കോംപ്ലക്‌സിൽ രണ്ട് ട്രെയിനിങ‌് ഹാളുകൾക്ക‌് പുറമെ, ഓഫീസ് മുറി, താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനകം 30 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. 
മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ് പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ഇ പി ലത അധ്യക്ഷയായി. സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി പി ഐ ഷെയ്ക്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കെ പി ജയബാലൻ, കന്റോൺമെന്റ് ബോർഡ് അംഗം ഷീബ ഫെർണാണ്ടസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ, ഉത്തരമേഖല ഫിഷറീസ് ജോ. ഡയറക്ടർ കെ കെ സതീഷ് കുമാർ, ഹാർബർ എൻജിനീയറിങ‌് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജി കെ തട്ടാംപുറം, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top