21 July Saturday

വർഗീയതയുടെ മാരീചവേഷങ്ങളെ ഒറ്റപ്പെടുത്തണം: ടി പത്മനാഭൻ

പ്രത്യേക ലേഖകൻUpdated: Thursday Jul 12, 2018
പോപ്പുലർ ഫ്രണ്ട് പോലുള്ള വർഗീയ‐ തീവ്രവാദ സംഘടനകളെ നിരോധിക്കുകയല്ല, സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് കഥാകൃത്ത് ടി പത്മനാഭൻ. 'അഭിമന്യൂ‐ അമരസ്മരണ'യുടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘവും എസ്എഫ്ഐയും ചേർന്നൊരുക്കിയ വർഗീയവിരുദ്ധ സാംസ്കാരിക സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു പത്മനാഭൻ.
നിരോധനംകൊണ്ട് ഒരു ആശയവും എന്നേക്കുമായി അടഞ്ഞുപോകില്ല. പോപ്പുലർ ഫ്രണ്ടിന്റെ ആദിമൂലമായിരുന്ന സിമി നിരോധിച്ചതാണ്. എന്നിട്ട് അവരുടെ ആശയം ഇല്ലതാവുകയായിരുന്നോ അതോ അവർ വളരുകയായിരുന്നോ എന്നു ചിന്തിക്കണം. സത്യത്തിൽ വളരുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാലും ഉണ്ടാകാൻ പോകുന്നത് ഇതുതന്നെയാണ്. നിരോധിക്കുന്നതിനു പകരം മാരീചവേഷം പൂണ്ട ഈ അസുരന്മാരുടെ മറനീക്കി, യഥാർഥ രൂപം ജനങ്ങൾക്കു കാണിച്ചുകൊടുക്കുകയാണു വേണ്ടത്.
 അങ്ങനെ കുഷ്ഠരോഗികളെപ്പോലെ, ഏറ്റവും അറപ്പുളവാക്കുന്ന കോലങ്ങളായി കണ്ട് സമൂഹത്തിൽനിന്ന് പൂർണമായി വർജിക്കാനുള്ള ബോധം ആളുകളിലുണ്ടാക്കണം.  
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നു പലരും ആവശ്യപ്പെടുന്നുണ്ട്. തൽക്കാലത്തെ സങ്കടമോ ആവേശമോ കൊണ്ടാകാം ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. അക്രമത്തിലേക്ക‌് പോകാതെത്തന്നെ കലാലയ രാഷ്ട്രീയം നടത്താൻ കഴിയുമെന്ന് ഭൂതകാല അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. 
പിന്നെ, അഭിമന്യുവിന്റെ കൊലപാതകം കലാലയത്തിലെ കലഹമായി ഞാൻ കാണുന്നേയില്ല. വെളിയിൽനിന്നു വന്ന പ്രൊഫഷണൽ കില്ലേഴ്സാണ് ഈ നിഷ്ഠുര കൃത്യം നടത്തിയത്. കൊല്ലാൻവേണ്ടി കലാലയത്തിൽ കടന്ന് അവരുടെ കൃത്യം ഭംഗിയായി നിർവഹിച്ച് മടങ്ങുകയായിരുന്നു. കലാലയ രാഷ്ട്രീയവുമായി ഇതിന് ഒരു ബന്ധവുമില്ല. റോഡ് സമരം, മൊബൈൽ ടവർ വിരുദ്ധസമരം എന്നിങ്ങനെ  ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇടപെട്ടാണ് വർഗീയ‐ തീവ്രവാദ ശക്തികൾ സമൂഹത്തിൽ നുഴഞ്ഞുകയറുന്നത്. ഇത്തരക്കാരുടെ പ്രധാന ആയുധമാണ് ഈ നുഴഞ്ഞുകയറ്റം. രാഷ്ട്രീയ പാർടികളിലും പൊതുസംഘടനകളിലുമെല്ലാം ഇവർ കടന്നുകയറിയിട്ടുണ്ട്. 
 എന്തിനേറെ പൊലീസിൽ പോലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. രണ്ടു ലക്ഷ്യങ്ങളാണ് ഇതിനുള്ളത്: സർക്കാരിനെ അപകീർത്തിപ്പെടുത്തുക. മറ്റൊന്ന് സർക്കാരിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും സഹപ്രവർത്തകരെ മുൻകൂട്ടി അറിയിച്ച് ആ പ്രവർത്തനങ്ങൾ തകർക്കുക. ഇങ്ങനെയൊന്നും ഇല്ലെന്നു പറഞ്ഞ് നമ്മൾ സുഖസുഷുപ്തിയിലേക്കു പോയാൽ ഉണർന്നു നോക്കുമ്പോൾ ഇവിടെ ഒന്നും ബാക്കിയുണ്ടാവില്ല.
അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനാധിപത്യ വിശ്വാസികളാകെ രംഗത്തുവന്നപ്പോൾ അവർക്കൊപ്പം നിന്നാണ് ഇന്ത്യയിൽ ആർഎസ്എസ് മാന്യതയുണ്ടാക്കിയത്. ജനാധിപത്യ ധ്വംസനത്തിനെതിരെ ഞങ്ങളും പോരാടി, മർദനം ഏറ്റുവാങ്ങി, ജയിലിൽ പോയി എന്ന വിലാസമുണ്ടാക്കാൻ അവർക്ക‌് കഴിഞ്ഞു. അതിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. അധികം വൈകാതെ വാജ്പേയിയും അദ്വാനിയും മറ്റും ഇന്ത്യയുടെ ഭരണസാരഥ്യത്തിലെത്തി.
 അന്ന് ബിജെപിക്ക് അത്രയൊന്നും സ്വാധീനമില്ലായിരുന്നു. ഇന്നും രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ജയപ്രകാശ് നാരായണന്റെ ആത്മാവ് ദുഃഖിക്കുന്നുണ്ടാകണം. ഈ അനുഭവം ഇനിയുമുണ്ടാകാൻ പാടില്ല. തുച്ഛമായ ലാഭത്തിനുവേണ്ടി വർഗീയ കക്ഷികളുമായി കൂട്ടുകൂടിയാൽ അതിന്റെ ഫലം അത്യന്തം മാരകമായിരിക്കുമെന്നും ടി പത്മനാഭൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top