21 July Saturday

ധനരാജിന്റെ ഓർമയിൽ വിതുമ്പി അമ്മ ആശ്വാസ വാക്കുകളുമായി എസ്ആർപി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

ധനരാജ‌് രക്തസാക്ഷി അനുസ‌്മരണ സമ്മേളനം കുന്നരുവിൽ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള ഉദ‌്ഘാടനം ചെയ്യുന്നു

പയ്യന്നൂർ
 2016 ജൂലൈ 11 ന്റെ കറുത്ത രാത്രിയിലാണ് കുന്നരു കാരന്താട്ടെ വീട്ടുമുറ്റത്ത് ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ സി വി ധനരാജ് വെട്ടേറ്റ് മരിച്ചത്‌.  ബൈക്കിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന അമ്മക്കും ഭാര്യക്കും മുന്നിലിട്ടാണ് ധനരാജിനെ വെട്ടി  വീഴ‌്ത്തിയത്. തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ‌്ത്തിയ  ദിനത്തിന് രണ്ടു വർഷം തികയുമ്പോഴും കുടുംബത്തിന്റെ നടുക്കം മാറിയിട്ടില്ല.  
കമ്യൂണിസ്റ്റ് യുവജന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന സി വി ധനരാജിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യാനും   കുടുംബത്തിനു വേണ്ടി സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നിർവഹിക്കാനും    കുന്നരുവിൽ എത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ആദ്യം പോയത് ധനരാജിന്റെ അമ്മയെയും കുടുംബത്തെയും കാണാനായിരുന്നു. ധനരാജിനെ വെട്ടിയരിഞ്ഞ വഴിയിലൂടെ ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനനോടൊപ്പമാണ് എസ് ആർ പി പഴയ വീട്ടിനകത്തേക്ക് കയറിയത്. 
ധനാരാജിന്റെ മക്കളെ ചേർത്ത് പിടിച്ച് കുശലം പറഞ്ഞ ശേഷം ഭാര്യ സജിനിയോടും സഹോദരിമാരോടും സംസാരിക്കുമ്പോഴും അമ്മ മാധവി അകത്തെ മുറിയിലായിരുന്നു. വീട്ടിൽനിന്നും ഇറങ്ങാൻ നേരം അമ്മയെ കാണാൻ എസ് ആർ പി അകത്തേക്കു ചെന്നപ്പോൾ മകന്റെ ഓർമയിൽ അവർ വിങ്ങിപ്പൊട്ടി. 
കണ്ടു നിന്നവരും വികാരാധീനരായി. അവർക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. 'എന്റെ മകനെ എന്തിനു കൊന്നു?  കൊന്നവർ എന്തു നേടി ? ' ആ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പിള്ള പറഞ്ഞു 'ധനരാജിന്റെ അമ്മ കരയാൻ പാടില്ല, നിങ്ങൾക്കൊപ്പം മക്കളായും തുണയായും എന്നും കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകർ കൂടെയുണ്ടാകും'. അൽപ സമയം അവർക്കൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം പൊതുസമ്മേളന  വേദിയിലെത്തിയത്.
 
പ്രധാന വാർത്തകൾ
Top