19 November Monday

പടന്നക്കരയിലെ കൂട്ടക്കൊല: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കൾ

സ്വന്തംലേഖകൻUpdated: Thursday Jul 12, 2018
തലശേരി
പിണറായി പടന്നക്കര വണ്ണാത്തൻവീട്ടിൽ സൗമ്യ മാതാപിതാക്കളെയും മകളെയും എലിവിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ഇതുസംബന്ധിച്ച് ജില്ലപൊലീസ് മേധാവിക്കും തലശേരി എഎസ്പിക്കും പരാതി നൽകി. പടന്നക്കര വണ്ണത്താൻവീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യകിഷോർ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. സിഐ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. 
കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണൻ‐കമല ദമ്പതികളുടെ മകൾ സൗമ്യയെ (28) ഏപ്രിൽ 24ന് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കൊലപാതകത്തിന്് സഹായിച്ചവരടക്കമുള്ളവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സൗമ്യയുടെ അഞ്ച് മൊബൈൽഫോണുകളിൽനിന്നുള്ള മുഴുവൻ വിവരങ്ങളും തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് അന്വേഷകസംഘത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഫോൺ സംഭാഷണം, മെസേജുകൾ, വീഡിയോ സന്ദേശങ്ങൾ തുടങ്ങിയ വിവരങ്ങളും പ്രത്യേക പെൻഡ്രൈവിലാക്കിയാണ് അന്വേഷകസംഘത്തിന് കൈമാറിയത്. 
ഇത് വിശദമായി പരിശോധിച്ചാലേ കൂടുതൽപേർക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമാവൂ. നിരവധിപേരുടെ മണിക്കൂറുകൾ നീളുന്ന സ്വകാര്യസംഭാഷണമടക്കം മൊബൈൽഫോണുകളിൽനിന്ന് കണ്ടെടുത്തതിലുണ്ട്. അന്വേഷണച്ചുമതലയുള്ള സിഐക്ക് വിശദമായ അന്വേഷണത്തിൽ താൽപര്യമില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. കേസിൽ 55 സാക്ഷികളുടെ മൊഴിയാണ്  പൊലീസ് രേഖപ്പെടുത്തിയത്. തലശേരി, കോഴിക്കോട്, മംഗളൂരു ആശുപത്രികളിലെ ചികിത്സാരേഖകളും 25 തൊണ്ടിമുതലും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 
രണ്ട് കുട്ടികളുൾപ്പെടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത് നാടിനെ ഞെട്ടിച്ചിരുന്നു. കുടുംബത്തിലെ മൂന്നുപേരും വിവിധ ആശുപത്രിയിലാണ് മരിച്ചതെന്നും ഇവർക്കെല്ലാം കൂട്ടിരിപ്പായി സൗമ്യയാണ് ഉണ്ടായതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആസൂത്രിതമായി മാതാപിതാക്കളെയും മകളെയും എലിവിഷം നൽകി കൊന്നശേഷം ഛർദി അഭിനയിച്ച് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സതേടിയ യുവതിയെ സമർഥമായ നീക്കത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
Top