21 September Friday
പ്രതികരണമില്ലാത്തവർക്ക‌് താക്കീതായി

ഭഗത‌്സിങ് നാടകം അരങ്ങിൽ

സ്വന്തം ലേഖികUpdated: Tuesday Jun 12, 2018
കണ്ണൂർ
ഒന്നിനോട‌ും പ്രതികരണമില്ലാതെ ഏത‌് അന്ധകാരത്തിന്റെ തടവറയിലാണ‌് നിങ്ങൾ ഒളിച്ചിരിക്കുന്നതെന്ന ചോദ്യം ഓരോരുത്തരുടെയും മനസിലേക്ക‌് ഉതിർത്ത‌് ഭഗത‌്സിങ‌് നാടകം. സ്വാതന്ത്ര്യസമരത്തിന്റെ ധീരസ‌്മരണയിൽനിന്ന‌് ഭഗത‌്സിങ്ങിനെ അടർത്തി മാറ്റാൻ ശ്രമിക്കുന്നതിനെതിരെയുള്ള ചെറുത്തുനിൽപുമായി കുളപ്പുറം വായനശാല ആൻഡ‌് ഗ്രന്ഥാലയത്തിന്റെ കലാകാരന്മാരാണ‌് രംഗത്തെത്തിയത‌്. 
തൂക്കുമരത്തിലേക്ക‌് പോലും ധീരമായി ചുവടുവച്ച സർദാർ ഭഗത‌്സിങ്ങിന്റെ ജീവിതം  നൃത്തവും സംഗീതവും നാടകവും സമന്വയിപ്പിച്ചാണ‌് വേദിയിൽ അവതരിപ്പിച്ചത‌്.  
കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ‌് ഇൗസ്റ്റിന്ത്യാ കമ്പനി പിന്നീട‌് ഭാരതത്തെ അടിമത്തത്തിലാക്കിയ ചരിത്രം ഭാരതാംബ എന്ന കഥാപാത്രം വിവരിക്കുന്നതിലൂടെയാണ‌് രംഗാവിഷ‌്കാരം ആരംഭിക്കുന്നത‌്. ജാലിയൻ വാലാബാഗിലെ കൂട്ടക്കൊല, കർത്താസിങ്ങിന്റെ രക്തസാക്ഷിത്വം, സൈമൺ കമീഷനെതിരെയുള്ള കരിങ്കൊടി പ്രകടനം തുടങ്ങിയവയെല്ലാം വേദിയിൽ അവതരിപ്പിക്കുന്നു.
കേരള ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ‌്ണൻ നടുവിലത്തിന്റേതാണ‌് രചന. സംവിധാനം ലാസ്യ കലാക്ഷേത്ര ഡയറക്ടർ തമ്പാൻ കാമ്പ്രത്ത‌്. ദീപാലങ്കാരവും അദ്ദേഹം നിർവഹിക്കുന്നു. രത‌ീഷ‌്കുമാർ പല്ലവിയാണ‌് സംഗീതം. രംഗപടവും ചമയവും രാജു പരിയാരം. ഡോ. കലാമണ്ഡലം ലത, ഹരിത തമ്പാൻ എന്നിവരാണ‌് നൃത്തസംവിധാനം ചെയ‌്തത‌്. സോമസുന്ദരം, ജനാർദനൻ, ജയൻ, മധു വെങ്ങര, രജിത മധു, കെ പി കെ വെങ്ങര, ജയരാമകൃഷ‌്ണൻ, ഗംഗാദാസ‌് കണ്ണൂർ, ഡിജിത്ത‌് ഗോവിന്ദ‌് എന്നിവരും പിന്നണിയിൽ പ്രവർത്തിക്കുന്നു.
പ്രധാന വാർത്തകൾ
Top