21 November Wednesday

നവകേരളം നിർമിക്കാൻ 'വീ ആർ കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

നവകേരള നിർമിതിക്കായുള്ള സന്നദ്ധസേന രജിസ്ട്രേഷനുവേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ജില്ലാ കലക്ടർ മീർ മുഹമ്മദലിയും ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌ കെ വി സുമേഷും ചേർന്ന്‌ ലോഞ്ച് ചെയ്യുന്നു

കണ്ണൂർ
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കായി മൊബൈൽ ആപ്പ്. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച നവകേരള കർമ്മസേനയുടെ രജിസ്‌ട്രേഷനായാണ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക‌് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച സന്നദ്ധ സേനയിലേക്ക് വീ ആർ കണ്ണൂർ മൊബൈൽ ആപ്ലിക്കേഷൻ വഴി താൽപര്യമുള്ളവർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാനാണ് പുതിയ സംവിധാനം.  നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ കീഴിലുള്ള കോംപീറ്റൻസ്  സെന്റർ ഫോർ മൊബൈൽ ആപ്ലിക്കേഷൻസ് ഡെവലപ്‌മെന്റ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടർ മീർ മുഹമ്മദലി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വി ആർ കണ്ണൂർ മൊബൈൽ ആപ്ലിക്കേഷനിൽ കർമ സേന എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ രജിസ്റ്റർ ചെയ്യാനുള്ള പേജ് ലഭിക്കും. നവകേരള നിർമാണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തിയാണ് കർമ സേന രൂപീകരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സാങ്കേതിക പരിജ്ഞാനമുള്ളവർ, തൊഴിൽ വൈദഗ്ധ്യമുള്ളവർ, സന്നദ്ധസേവനത്തിന് താൽപര്യമുള്ളവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. പേര്, വിലാസം, മൊബൈൽ നമ്പർ, തൊഴിൽസാങ്കേതിക വൈദഗ്ധ്യം തുടങ്ങിയ വിവരങ്ങൾ നൽകി സബ്മിറ്റ് ബട്ടൻ അമർത്തിയാൽ രജിസ്‌ട്രേഷൻ പൂർത്തിയായി. മൊബൈൽ ആപ്പ് നേരത്തേ രജിസ്റ്റർ ചെയ്തവർ അപ്‌ഡേറ്റ് ചെയ്താൽ രജിസ്റ്റർ ചെയ്യാനുള്ള ഐക്കൺ ലഭിക്കും. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എഡിഎം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു, ജില്ലാ യുവജനക്ഷേമ ഓഫീസർ വിനോദൻ പൃത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.
 
 
'
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top