20 September Thursday

നവകേരള നിർമാണം ധനസമാഹരണ യജ്ഞത്തിന് ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കണ്ണൂർ
നവകേരള നിർമാണത്തിനായുള്ള ധനസമാഹരണ യജ്ഞത്തിന് ജില്ലയിൽ ചൊവ്വാഴ്ച തുടക്കമാകും. മൂന്നോ നാലോ തദ്ദേശസ്ഥാപനങ്ങൾക്ക് ഒന്ന് എന്ന നിലയിൽ 20 കേന്ദ്രങ്ങളിലാണ് വിപുലമായ വിഭവസമാഹരണ ക്യാമ്പുകൾ സംഘടിപ്പിക്കുക. ജില്ലയുടെ ചുമതലയുള്ള വ്യവസായമന്ത്രി ഇ പി ജയരാജനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ക്യാമ്പുകൾക്കു നേതൃത്വം നൽകും. ചൊവ്വാഴ്ച കണ്ണപുരം, മാടായി, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ ഇ പി ജയരാജനും മൂന്നുപെരിയ, ചക്കരക്കൽ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിൽ കെ കെ ശൈലജയും പങ്കെടുക്കും.
ദുരിതാശ്വാസനിധിയിലേക്ക് ഇതിനകം കഴിയാവുന്ന നിലയിൽ സംഭാവന ചെയ്തവരാണ് ജില്ലയിലെ മിക്കവാറും ജനങ്ങൾ. സിപിഐ എം അടക്കമുള്ള രാഷ്ട്രീയ പാർടികളുടെയും വിവിധ സന്നദ്ധ‐ സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസനിധി സമാഹരണ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും ഓരോരുത്തരും കൈയയച്ച് സംഭാവന നൽകി. എന്നാൽ പ്രളയദുരന്തത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനർനിർമാണത്തിന് ഇതെല്ലാം അപര്യാപ്തമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പരാമവധി സഹായങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്നത്.  
മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ ജില്ലാതലത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് വിഭവസമാഹരണ യജ്ഞം വിജയിപ്പിക്കാനുള്ള പ്രവർത്തനപരിപാടികൾക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി തദ്ദേശസ്ഥാപനതലത്തിലും പരിപാടി നടക്കുന്ന കേന്ദ്രങ്ങളിലും പ്രത്യേക യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ നടത്തി.   സമൂഹത്തിലെ എല്ലാ തുറയിലുംപ്പെട്ട ആളുകളെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിൽ ബന്ധപ്പെട്ട് കേരളത്തിന്റെ പുനർനിർമാണപ്രകിയയിൽ പങ്കാളികളാകാൻ അഭ്യർഥിച്ചു. ഒരു മാസത്തെ വേതനം നൽകിയിട്ടില്ലാത്ത ജീവനക്കാരെയും പ്രത്യേകം കണ്ട് അതിനായി പ്രേരിപ്പിക്കുന്നു.  
ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ജില്ലയാണ് കണ്ണൂർ. ജീവനക്കാരുടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക‌് നൽകണമെന്ന സർക്കാരിന്റെ അഭ്യർഥനയ്ക്കു വഴിതെളിയിച്ചതും കണ്ണൂരാണ്.  നവകേരള സൃഷ്ടിക്കായുള്ള വിഭാവസമാഹരണത്തിലും സംസ്ഥാനത്തിനു വഴികാട്ടാൻ കണ്ണൂരിനു കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാരും ജില്ലാ അധികൃതരും.
പ്രധാന വാർത്തകൾ
Top