26 September Wednesday

കുടകിലേക്കുള്ള യാത്രാവിലക്ക‌്: നിബന്ധനകളോടെ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
മടിക്കേരി(കർണാടകം)
 പ്രളയക്കെടുതിയെ തുടർന്ന‌് കുടകിലേക്ക‌് സഞ്ചാരികൾക്കേർപ്പെടുത്തിയ യാത്രാ വിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു. അബി വെള്ളച്ചാട്ടമേഖലകൾ ഉൾപ്പെടെയുള്ള ചില വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക‌് പ്രവേശനമില്ലെന്ന നിബന്ധനയിലാണ‌് വിലക്ക‌് നീക്കിയത‌്.
റോഡുകളും പാലങ്ങളും അടക്കം ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും സർവനാശം നേരിട്ടതിനാലാണ‌് ഒന്നരമാസങ്ങളായി കുടകിലേക്കുള്ള വിനോദസഞ്ചാരികളെ അധികൃതർ വിലക്കിയത‌്. കുടകിലെത്തുന്നവരുടെ സുരക്ഷ മാനിച്ചും കടുത്ത യാത്രാക്ലേശം പരിഗണിച്ചുമാണ‌് ജില്ലാ ഭരണകേന്ദ്രം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചത‌്. ഒക്ടോബർ പത്ത‌് മുതൽ ദസറ ആഘോഷങ്ങളാരംഭിക്കുന്നത‌് കൂടി കണക്കിലെടുത്താണ‌് പുതിയ ക്രമീകരണം.
തകർന്ന റോഡുകളും പാലങ്ങളും താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ‌് പലേടത്തും ചെറിയ വണ്ടികളെങ്കിലും സർവീസ‌് നടത്താൻ പാകപ്പെടുത്തിയത‌്. ബസ‌് ഗതാഗതം വിലക്കിയ മാക്കൂട്ടം പെരമ്പാടി ചുരം റോഡ‌് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക‌് കുടകിൽനിന്നുള്ള പാതകളും ഉൾനാടൻ റോഡുകളും ആധുനിക നിലയിൽ നവീകരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതേയുള്ളൂ. വീടുകളും കൃഷിയിടങ്ങളും തകർന്ന‌് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്ക‌് താൽക്കാലിക പുനരധിവാസം ഒരുക്കാനുള്ള നീക്കങ്ങളാണിപ്പോൾ തുടരുന്നത‌്. നിബന്ധനകൾ പാലിച്ചു വേണം ടൂറിസ‌്റ്റുകൾ കുടകിലെത്താനെന്ന‌് കുടക‌് ഡെപ്യൂട്ടി കമീഷണർ (കലക്ടർ) പി ഐ ശ്രീവിദ്യ അറിയിച്ചു.
പ്രധാന വാർത്തകൾ
Top