17 November Saturday

ഇരിട്ടി പാലം മതിലും മൺതിട്ടകളും മഴയിൽ ഒഴുകിപ്പോയി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
ഇരിട്ടി
കെഎസ്ടിപി റോഡ് നിർമാണ ഭാഗമായി നിർമിക്കുന്ന പുതിയ ഇരിട്ടി പാലത്തിന്റെ പൈലിങ്ങിനായി നിർമിച്ച ഗാബിയൻ മതിലും മൺതിട്ടകളും  കനത്ത മഴയിൽ  ഒഴുകിപ്പോയി. പാലത്തിന്റെ പായം ഭാഗത്തെ പുഴയിൽ മണ്ണിട്ട് നികത്തി പൈലിങ്ങിനായി സ്ഥാപിച്ച രണ്ട് ഗാബിയൻ മതിലുകളും മൺതിട്ടയുമാണ് പുഴയിലെ അതിശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോയത്.  പാലം പണി സുരക്ഷയ‌്ക്കായി ഇരുമ്പ് കമ്പികളടക്കം ഉപയോഗിച്ചു പണിത സംവിധാനമാണ്  തകർന്നത്.  ഇതോടെ പാലം നിർമാണം  വീണ്ടും  പ്രതിസന്ധിയിലായി. പാലത്തിന്റെ തൂണിനായി പൈലിങ‌് നടത്തി  ഉറപ്പിച്ച കോൺക്രീറ്റ് ഭാഗമാണ് ബാക്കിയുള്ളത‌്. കഴിഞ്ഞ വർഷം  കനത്ത മഴയിൽ പൈലിങ‌്  ഒഴുകിപ്പോയിരുന്നു. അന്നത്തെ പ്രശ്നം പരിഹരിച്ച്  നിർമാണം തുടങ്ങിയേടത്താണ് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ കാലവർഷത്തിൽ പൈലിങ്ങും അനുബന്ധ നിർമിതികളും നിർമാണ സാമഗ്രികളും ഒലിച്ചുപോയി. തുടർന്ന്  പൈലിങ‌് നിർത്തിവച്ചു. ലോകബാങ്ക്, കെഎസ്ടിപി അധികൃതർ സ്ഥലത്തെത്തി.  പാലം നിർമാണ വിദഗ്ധരുടെ നിർദേശത്തിൽ പൈലിങ‌് ഘടനയിൽ മാറ്റംവരുത്തിയും പൈലിങ്ങിന്റെ ആഴം വർധിപ്പിച്ചുമാണ് പണി പുനരാരംഭിച്ചത്. ബാവലിപ്പുഴയിൽ  കുത്തൊഴുക്ക്  ശക്തമായതോടെയാണ്  പാലം നിർമാണ ഭാഗം തകർന്നത‌്. പുഴയുടെ ഇരിട്ടി ടൗൺ ഭാഗത്തെ നാല് പൈലിങ്ങിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ഇവിടെ മണ്ണിടിച്ചിൽ ഭീഷണിയില്ല. കെഎസ്ടിപി വിഭാഗം സ്ഥലത്തെത്തി പരിശോധിച്ച ശേഷമേ പാലം നിർമാണം തുടരാനാവൂ.
പ്രധാന വാർത്തകൾ
Top