23 September Sunday

കെഎസ്ടിപി റോഡ് വികസനം ഇരിട്ടി ടൗണിലെ സർവേ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
ഇരിട്ടി
തലശേരി‐വളവുപാറ  റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ പഴയ ഓവുചാലുകൾ പൊളിച്ച് നീക്കി വീതി കൂട്ടാനും നഗര സൗന്ദര്യവൽക്കരണത്തിന‌് സ്ഥലം നിർണയിക്കാനുമുള്ള സർവേ പൂർത്തിയായി. ഇരിട്ടി പുതിയ പാലം മുതൽ പയഞ്ചേരിമുക്ക് വരെ നടത്തിയ സർവേയിൽ റവന്യൂ ഭൂമിയിലെ വ്യാപക കൈയേറ്റം കണ്ടെത്തി. ടൗൺ വികസനത്തിന‌് ഉപയോഗിക്കാനുള്ള സർക്കാർ സ്ഥലത്താണ് കൈയേറ്റം. സർക്കാർ സ്ഥലം അടക്കം കൈവശപ്പെടുത്തി സ്വകാര്യകെട്ടിടം  വ്യാപാരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും വിദഗ്ധ പരിശോധനയിൽ കണ്ടെത്താനായി.
ഇരിട്ടി താലൂക്ക് ഹെഡ് സർവേയറുടെ നേതൃത്വത്തിലായിരുന്നു സർവേ. അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവർത്തനം രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. കൈയേറ്റം കണ്ടെത്തിയ സ്ഥലമടക്കം വീണ്ടെടുത്ത് റോഡ് വികസനത്തിന് ഉപയോഗിക്കും. കൈയേറ്റ സ്ഥലത്ത‌് കണ്ടെത്തിയ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി ഭൂമി വീണ്ടെടുക്കുന്ന പ്രവർത്തനം ഉടൻ നടത്തും. 
പയഞ്ചേരിമുക്ക് മുതൽ ഇരിട്ടി പുതിയ പാലംവരെ റോഡിന്റെ ഇരുവശങ്ങളിലുമായി അരമീറ്റർ മുതൽ ഒന്നര മീറ്റവരെ കൈയേറ്റം കണ്ടെത്തി. പല കെട്ടിടങ്ങളുടെയും മുൻഭാഗം പൂർണമായും പൊളിച്ചുനീക്കേണ്ടി വരും. നിലവിലെ വീതിയിലും കാൽനൂറ്റാണ്ട് മുമ്പ് നിർമിച്ച ഓവുചാൽ അതേപടി നിലനിർത്തിയും   റോഡ് നവീകരിക്കണമെന്ന ആവശ്യമാണ് വ്യാപാര സംഘടനകൾ ഉന്നയിച്ചത്.  ഇത് ഫലപ്രദമല്ലെന്ന് സർവകക്ഷി യോഗത്തിലെത്തിയ പ്രതിനിധികളും കെഎസ്ടിപി അധികൃതരും അറിയിച്ചു. തുടർന്നാണ് ടൗണിൽ ടോട്ടൽ സ്റ്റേഷൻ സാങ്കേതികവിദ്യയും ഫീൽഡ് മെഷർമെന്റ് ബുക്കിലെ റവന്യൂരേഖകളും ഉപയോഗപ്പെടുത്തി സ്ഥലം അളക്കാൻ തീരുമാനിച്ചത്. തഹസിൽദാർ കെ കെ ദിവാകരൻ, ഡെപ്യൂട്ടി തഹസിൽദാർ എം ലക്ഷ്മണൻ, ഹെഡ് സർവേയർ മുഹമ്മദ് ഷെരീഫ്, സർവേയർമാരായ വി കെ സുരേഷ്, എൻ ജിൽസ്, വി ആർ ഷിഹാബുദ്ദീൻ, കെഎസ്ടിപി അസി. എൻജിനീയർ കെ വി സതീശൻ, കരാർ കമ്പനി പ്രോജക്ട‌് മാനേജർ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തീകരിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top