26 September Wednesday

അലങ്കാരമല്ല ഈ ചിത്രങ്ങൾ; കൈത്താങ്ങ് കൂടിയാണ്

സ്വന്തം ലേഖികUpdated: Monday Sep 10, 2018
കണ്ണൂർ
ഈ വർണങ്ങളിൽ തെളിഞ്ഞത് പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്കുള്ള സ്നേഹവായ്പ്. ചെറുതും വലുതുമായ ക്യാൻവാസുകളിൽ തീക്ഷ്ണമായ നിറങ്ങളാൽ ഒരുകൂട്ടം ചിത്രകാരന്മാർ വരച്ചത് കഴിഞ്ഞ ദിവസങ്ങളിൽ കേരളം അനുഭവിച്ച വ്യഥ. വീട് അലങ്കരിക്കാനായി ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ നൽകുന്നത് ദുരന്തബാധിതർക്കുള്ള സഹായം കൂടിയാവുകയാണ‌് ഈ ചിത്രങ്ങളുടെ വിൽപനയിലൂടെ. 
ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിലാണ് ‘സ്റ്റാൻഡ് വിത്ത് കേരള’ എന്ന മുദ്രാവാക്യമുയർത്തി അമ്പതോളം ചിത്രകാരന്മാർ ടൗൺസ്ക്വയറിൽ ചിത്രപ്രദർശനവും വിൽപനയും സംഘടിപ്പിച്ചത്. പ്രളയത്താൽ മുറിവേറ്റവർക്ക് താങ്ങാകാൻ തങ്ങളുടെ കഴിവുപയോഗിച്ചുള്ള ഒത്തുചേരൽ. സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം കൈമാറിയപ്പോൾ കഴിഞ്ഞയാഴ്ച പയ്യാമ്പലത്ത് ഒത്തുചേർന്നത് അറുപതോളം ചിത്രകാരന്മാർ.  ക്യാമ്പിൽ എത്താനാവാത്ത നൂറിലധികംപേർ വിവിധ വലിപ്പത്തിലുള്ള ക്യാൻവാസുകളിൽ രചിച്ച ചിത്രങ്ങളും അയച്ചുകൊടുത്തു. ഇവയെല്ലാമാണ് ടൗൺസ്ക്വയറിൽ പ്രദർശിപ്പിച്ചത്. നവകേരള നിർമിതിക്കായി ഒരുപാട് പേരുടെ പ്രതീക്ഷകളുമായി ക്യാൻവാസിൽ തെളിഞ്ഞ ചിത്രങ്ങൾക്ക് മികച്ച പ്രതികരണവും ലഭിച്ചു. 
750 രൂപമുതൽ 1500 രൂപവരെയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പതിനെട്ടോളം ചിത്രങ്ങൾ വിറ്റുപോയി. പ്രദർശനം സിനിമാ താരം സനുഷ ഉദ്ഘാടനംചെയ്തു. കേണൽ സുരേഷ് അധ്യക്ഷനായി. കെ എം ശിവകൃഷ്ണൻ, പ്രദീപ് ചൊക്ലി, സുഹാസ് വേലാണ്ടി എന്നിവർ സംസാരിച്ചു. സി ജയചന്ദ്രൻ ആദ്യചിത്രം വാങ്ങി. വിനോദ് പയ്യന്നൂർ സ്വാഗതവും സന്തോഷ‌് ചുണ്ട നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top