21 August Tuesday

കേളകത്തും ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
പേരാവൂർ
രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. കൊട്ടിയൂർ, കേളകം  പഞ്ചായത്തുകളിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടി. കൊട്ടിയൂരിലെ നെല്ലിയോടി, അമ്പായത്തോട്, കേളകം പഞ്ചായത്തിലെ ശാന്തിഗിരി നാരങ്ങാത്തട്ട്, വെള്ളൂന്നി തുടങ്ങിയ ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. നെല്ലിയോടിയിലെ ഉരുൾപൊട്ടലിൽ രണ്ട് കലുങ്കുകൾ ഒഴുകിപ്പോയതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.  ഉരുൾപൊട്ടിയതിനെ തുടർന്ന് ഒറ്റപ്പെട്ട 13 കുടുംബങ്ങളെ പേരാവൂർ സിഐ കെ പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസും  ഫയർഫോഴ്‌സും  ചേർന്ന‌് താൽക്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കേളകം ശാന്തിഗിരി നാരങ്ങാത്തട്ടിൽ ഉരുൾപൊട്ടി നിരവധി വീടുകൾ ഒറ്റപ്പെട്ടു. ഉൾവനത്തിൽ ഉരുൾപൊട്ടി ശാന്തിഗിരി‐ പാലുകാച്ചി റോഡ് പൂർണമായും തകർന്നു.  കല്ലും മണ്ണും ഒലിച്ച് 50 മീറ്ററോളം സ്ഥലത്താണ‌് റോഡ് തകർന്നത‌്. വെള്ളൂന്നി സി ടി മലയിലും ഉരുൾപൊട്ടി.  ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനം നടത്തി . 
ബാവലിപ്പുഴ കരകവിഞ്ഞൊഴുകി. കൊട്ടിയൂരിൽ നിരവധി വീടുകൾ തകർന്നു. താഴെ പാൽചുരം കോളനിയിൽ വെള്ളം കയറി. പൊലീസും നാട്ടുകാരും ചേർന്ന് കോളനിയിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിലുണ്ടായ കുത്തൊഴുക്കിൽ താഴെ പാൽചുരം കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 20 ആളുകളെ അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്‌കൂളിൽ താൽക്കാലികമായി തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനത്ത മലവെള്ളപ്പാച്ചിലിൽ നെല്ലിയോടി കല്ലംതോട് കലുങ്ക് തകർന്ന് ഗതാഗതം നിലച്ചു.
പുഴ കരകവിഞ്ഞൊഴുകി വളയംചാൽ, കാളികയം, കുണ്ടേരി പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടനിലയിലായി. നിരവധി വീടുകളിൽ വെള്ളം കയറി. മലയോര മേഖലയിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്നതിനെതുടർന്ന് പുനർനിർമിച്ച  വളയംചാൽ തൂക്ക് പാലം വീണ്ടും തകർന്നു. കണിച്ചാർ ടൗണിൽ വെള്ളം കയറിയതിനാൽ  മണത്തണ‐ അമ്പായത്തോട് മലയോര ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ പിന്നീട് ചെങ്ങോം വഴി തിരിച്ചുവിട്ടു. വളയഞ്ചാൽ പള്ളിക്കടവ് തൂക്കുപാലവും തകർന്നു. കാളികയം പാലത്തിന് മുകളിൽ വെള്ളം കയറി.
മന്ദംചേരി പന്ന്യാംമല സ്വദേശി കൈതവേലിൽ വേണുവിന്റെ വീട് പൂർണമായും   മണ്ണിടിഞ്ഞ് തകർന്നു. പന്ന്യാംമല സ്വദേശി പുതുപറമ്പിൽ സന്തോഷിന്റെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീടിന്റെ അടുക്കളഭാഗം തകർന്നു. നെല്ല്യോടി സ്വദേശി ആണ്ടൂർ ഉലഹന്നാന്റെ വീട് മണ്ണിടിഞ്ഞ് വീണ് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ഉലഹന്നാന്റെ ഭാര്യ സെലിന് പരിക്കേറ്റു. നെല്ലിയോടി സ്വദേശികളായ ചാത്തമല ജോസഫ്, ഇലവുങ്കൽ സേവ്യർ, പുത്തൻപറമ്പിൽ ദാസൻ എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. കേളകം പൊയ്യമലയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. കോടിയാട്ട് തങ്കച്ചൻ, കോളശേരി ബിജു എന്നിവരുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
ഉരുൾപൊട്ടലിൽ അമ്പായത്തോടിലെ ആലനാൽ പുഷ്പ, കൂടത്തിനാൽ ജോസ് എന്നിവരുടെ നൂറോളം റബറുകളും തെങ്ങുകളും നശിച്ചു. മൂന്ന് ഏക്കറോളം കൃഷിയിടം പൂർണമായും ഒലിച്ചുപോയി. കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ നിരവധി വീടുകൾക്ക് കേടുപാടു  സംഭവിച്ചു. നിരവധി കർഷകരുടെ കാർഷിക വിളകളും നശിച്ചിട്ടുണ്ട്. വളയംചാൽ മേഖലയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് ഉയർന്നതിനാൽ വീട്ടുകാരെ പുറത്തെത്തിക്കുന്നതിന് ഏറെ പ്രയാസപ്പെട്ടു.
പ്രധാന വാർത്തകൾ
Top