13 November Tuesday

സർവകലാശാല കെട്ടിടനിർമാണ അപാകം വിദഗ്ധസംഘം പരിശോധന ആരംഭിച്ചു

പ്രത്യേക ലേഖകൻUpdated: Friday Aug 10, 2018
കണ്ണൂർ
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ഓഫീസ് സമുച്ചയത്തിന്റെയും സെൻട്രൽ ലൈബ്രറി കെട്ടിടത്തിന്റെയും നിർമാണ അപാകം കണ്ടെത്തുന്നതിന് വിദഗ്ധസമിതി പരിശോധന തുടങ്ങി. കാര്യവട്ടം ഗവ. എൻജിനിയറിങ് കോളേജ് സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ഡി മിത്രയുടെ നേതൃത്വത്തിൽ കേരള സർവകലാശാല എൻജിനിയർ കെ ശോഭ, കാര്യവട്ടം ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകൻ വി ബിജു, തശൃൂർ ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തുന്നത്. ആദ്യദിവസം നടന്ന പ്രാഥമിക പരിശോധനയിൽതന്നെ ഗുരുതരമായ നിർമാണവൈകല്യം കണ്ടെത്തിയതായാണ് സൂചന. പരിശോധന വെള്ളിയാഴ്ചയും തുടരും. സർവകലാശാല സിൻഡിക്കറ്റ് തീരുമാനപ്രകാരമാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്.
ആവശ്യമായ പൈലിങ് നടത്താതെയും മതിയായ പില്ലറുകൾ സ്ഥാപിക്കാതെയും നിർമിച്ചതുകൊണ്ടാണ‌് കെട്ടിടങ്ങൾക്കു കുറഞ്ഞ സമയത്തിനകം ബലക്ഷയമുണ്ടായതെന്നാണ് കണ്ടെത്തൽ. ബീം സപ്പോർട്ടില്ലാതെ പാർടീഷനുകളും നടത്തി. പൈലിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് ആവശ്യമായ ഇടവേളകളും പരിശോധനകളും ഉണ്ടായിരുന്നില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.ഗുണനിലവാരം കുറഞ്ഞ നിർമാണസാമഗ്രികൾ ഉപയോഗിച്ചതും വിനയായി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് താവക്കരയിൽ സർവകലാശാല ക്യാമ്പസിന് സ്ഥലം അക്വയർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇവിടെ അക്കാദമിക് സമുച്ചയവും കേന്ദ്ര ലൈബ്രറിയും നിർമിക്കുന്നതിനും അന്നത്തെ ഇടതുപക്ഷ സിൻഡിക്കറ്റ് രൂപരേഖ തയ്യാറാക്കി അംഗീകാരം നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ലൈബ്രറിയായാണ് കേന്ദ്രലൈബ്രറി വിഭാവനം ചെയ്തത്. എൽഡിഎഫ് സർക്കാർ ഇതിനായി 25 കോടി രൂപയും അനുവദിച്ചു. തറക്കല്ലിട്ട് നിർമാണ പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലാണ് 2011ലെ ഭരണമാറ്റം. സർവകലാശാലയിൽ നോമിനേറ്റ് ചെയ്യപ്പെട്ട യുഡിഎഫ് സിൻഡിക്കറ്റ് അധികാരമേറ്റു. ഇതിനുശേഷമാണ് നിർമാണത്തിലെ കള്ളക്കളികൾ ആരംഭിച്ചത്. 
അക്കാദമിക് സമുച്ചയത്തിനായി വിഭാവനം ചെയ്യപ്പെട്ട കെട്ടിടം യുഡിഎഫ്് സിൻഡിക്കറ്റ് ഭരണകാര്യാലയമാക്കുകയായിരുന്നു.  മാങ്ങാട്ടുപറമ്പിൽ സുസജ്ജമായ സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഓഫീസ് സംവിധാനം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഈ കെട്ടിടത്തിലേക്കു മാറ്റി. യുഡിഎഫ് സർക്കാർ യുജിസി മാനദണ്ഡങ്ങൾ കാറ്റിൽപറത്തി നിയമിച്ച വൈസ് ചാൻസലർ ഖാദർ മാങ്ങാടാണ് ഇതിനു ചുക്കാൻ പിടിച്ചത്. 
വ്യാഴാഴ്ച രാവിലെ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പിവിസി ഡോ. പി ടി രവീന്ദ്രൻ, രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് സമിതി പരിശോധന ആരംഭിച്ചത്. സർവകലാശാല ഡവലപ്മെന്റ് ഓഫീസർ ജയിംസ് പോൾ, അസിസ്റ്റന്റ് എൻജിനിയർ സുരേഷ്ബാബു എന്നിവരും ഒപ്പമുണ്ടായി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും സമിതി വിശദമായി പരിശോധിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top