21 November Wednesday

താമസത്തിനായി ഇനി അലയേണ്ട കണ്ണൂരിൽ ‘ഷീ നൈറ്റ‌് ഹോം’ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
കണ്ണൂർ
ഇന്റർവ്യൂവിനും മറ്റും ദൂരസ്ഥലങ്ങളിൽനിന്ന‌് നഗരത്തിൽ വരുന്നവർക്ക‌് താമസ സൗകര്യത്തിനായി ഇനി അലയേണ്ട. ജില്ലാ പഞ്ചായത്തിന്റെ  വാണിജ്യ സമുച്ചയത്തിൽ ശീതീകരിച്ച മുറി ഒരുങ്ങി കഴിഞ്ഞു. ടൗൺപൊലീസ‌് സ‌്റ്റേഷന്റെ മുൻവശത്തായതിനാൽ സുരക്ഷയെക്കുറിച്ചും ആശങ്ക വേണ്ട. ജില്ലാ പഞ്ചായത്തിന്റെ ‘ഷീ നൈറ്റ‌് ഹോം’ പദ്ധതി അടുത്ത ആഴ‌്ച മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനംചെയ്യും. 
ഒരേ സമയം പത്തുപേർക്ക‌് താമസിക്കാനുള്ള സൗകര്യമാണ‌് ഇവിടെ ഒരുക്കിയത‌്. 16 ലക്ഷം രൂപ ചെലവഴിച്ചാണ‌് കഫേശ്രീക്ക‌് സമീപം സ‌്ത്രീകൾക്കായി ഷെൽട്ടർ ഒരുക്കിയത‌്. നഗരത്തിലെത്തുന്ന സ‌്ത്രീകൾക്ക‌് 48 മണിക്കൂർ ഇവിടെ താമസിക്കാം. അടിയന്തരസാഹചര്യത്തിൽ ഒരു ദിവസംകൂടി അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് പറഞ്ഞു. ഷെൽട്ടർ ഹോമിന്റെ പ്രവർത്തനം സംബന്ധിച്ച നിയമാവലി തയ്യാറാക്കി സർക്കാരിന‌് സമർപ്പിച്ചിട്ടുണ്ടെന്നും കെ വി സുമേഷ‌് പറഞ്ഞു. 
നിർമിതികേന്ദ്രയാണ‌്‌ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത‌്. ഫർണിച്ചർ റബ‌്കോയാണ‌് സജ്ജീകരിച്ചത‌്. 
വാണിജ്യസമുച്ചയത്തിന്റെ വരുമാനംകൊണ്ടാണ‌് ഷെൽട്ടർ ഹോം പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ചെയർമാനും  ജില്ലാ വനിതാ ക്ഷേമ ഓഫീസർ കൺവീനറുമായ മാനേജിങ്‌ കമ്മിറ്റിയാണ‌് പ്രവർത്തനം നിയന്ത്രിക്കുക. ഇവിടെ താമസിക്കാനെത്തുന്നവർക്ക‌് സൗകര്യങ്ങൾ ഒരുക്കുന്നതിന‌് മുഴുവൻ സമയ ജീവനക്കാരിയും ശുചീകരണത്തൊഴിലാളിയും  ഉണ്ടാകും.

 

പ്രധാന വാർത്തകൾ
Top