25 September Tuesday

ഭർത്താവിന്റെ ഓർമകളുമായി വസന്ത ഐആർപിസിക്ക് നൽകിയത‌് 20 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

എടച്ചൊവ്വയിലെ വസന്ത അശോകൻ ഐആർപിസിക്ക‌് നൽകിയ 20 ലക്ഷം രൂപയുടെ ചെക്ക‌് ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഏറ്റുവാങ്ങുന്നു.

 

കണ്ണൂർ 
 എടച്ചൊവ്വയിലെ സരോവരത്തിൽ വസന്ത അശോകന്റെ  കാതിൽ മുഴങ്ങിയത് ഭർത്താവിന്റെ ശബ്ദംമാത്രമായിരുന്നു. ‘ഞങ്ങൾ രണ്ടുപേരിൽ ആര് മരിച്ചാലും  ഒരു തുക സാന്ത്വനപ്രവർത്തനങ്ങൾക്ക് നൽകണം. ആദ്യം വേർപെടുന്നവർക്കുവേണ്ടി ജീവിക്കുന്നവർ അത് ചെയ്യണം’﹣ ഹൃദയത്തിൽനിന്ന് പറിച്ചെറിയാൻ കഴിയാത്ത ഭർത്താവിന്റെ സ്നേഹസ്മരണ വിങ്ങുന്ന മനസ്സുമായി വസന്ത അത് ചെയ്തു. തന്റെ പ്രിയതമന്റെ ഓർമകളുമായി 20 ലക്ഷം രൂപ  ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് നൽകി. ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ തുകയുടെ ചെക്ക് വീട്ടിലെത്തി ഏറ്റുവാങ്ങി. മേലെചൊവ്വയിൽ കനകവല്ലി റോഡിലെ ഐആർപിസി ഡി അഡിക‌്ഷൻ സെന്ററിലെ ഹാളിന് അശോകന്റെ പേര് നൽകുമെന്ന് അറിയിച്ചു. നാമകരണചടങ്ങ‌് 23ന‌് രാവിലെ 10.30ന‌് മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ്യും. 
ദീർഘകാലം അജ്മാനിൽ ഇലക്ട്രീഷ്യനായിരുന്നു വസന്തയുടെ ഭർത്താവ് അശോകൻ. ജൂലൈ 24 നാണ്  മരിച്ചത്. ദമ്പതികൾ  നേരത്തെ എടുത്ത തീരുമാനം മക്കളായ അപർണയെയും ആവണിയെയും അറിയിച്ചു. പൂർണമനസ്സോടെ അവർ അമ്മയെ പിന്തുണച്ചു. തുടർന്ന്  ബന്ധുവും എടച്ചൊവ്വ എ ബ്രാഞ്ച് സെക്രട്ടറിയുമായ പി ഹിരോഷ്കുമാറിനെ കാര്യം  അറിയിച്ചു.തുടർന്നാണ് ഐആർപിസിക്ക് നൽകാനുള്ള തീരുമാനമായത്.  
സിപിഐ എം എടക്കാട് ഏരിയ സെക്രട്ടറി കെ വി ബാലൻ, ഐആർപിസി സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ചെയർമാൻ  പി എം സാജിദ്, സിപിഐ എം ഏരിയകമ്മിറ്റി  അംഗങ്ങളായ ടി കെ രവീന്ദ്രൻ, കെ രാജീവൻ, എളയാവൂർ ലോക്കൽ സെക്രട്ടറി കുന്നിരിക്കൽ ശശീന്ദ്രൻ,  കെ വി ഗോവിന്ദൻ, കെ എം അജയകുമാർ, എം വി പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top