16 November Friday

ജനറൽ ആശുപത്രിയിൽ വൃക്കയിലെ കല്ല് നീക്കുന്ന ചികിത്സ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
തലശേരി
ജനറൽ ആശുപത്രി യൂറോളജി വിഭാഗത്തിൽ ലേസർ ലിത്തോ ട്രിപ്സ് യന്ത്ര സാമഗ്രി ഉപയോഗിച്ച് വൃക്കയിലെയും മൂത്രക്കുഴലിലെയും കല്ല് പൊടിച്ചു കളയുന്ന ചികിത്സ ആരംഭിച്ചു. വടക്കെമലബാറിൽ ഈ സംവിധാനം ഉപയോഗിച്ച് ചികിത്സ നടത്തുന്ന ഏക സർക്കാർ ആശുപത്രിയായി ഇതോടെ തലശേരി മാറി. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. രമേഷ്ബാബുവാണ്  ചികിത്സക്ക് നേതൃത്വം നൽകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ തലശേരിയിൽ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നിലവിൽ ഈ സംവിധാനമുള്ളത്. 
ആരോഗ്യ വകുപ്പ് അനുവദിച്ച മുപ്പത് ലക്ഷത്തിലേറെ രൂപ ഉപയോഗിച്ചാണ് യൂറോളജി വിഭാഗത്തിലേക്ക് യന്ത്രസാമഗ്രികൾ വാങ്ങിയതെന്ന് ഡോ. രമേഷ്ബാബു പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷവും അതിന് മുകളിലും ചെലവ് വരുന്ന ചികിത്സയാണ് കാര്യമായ ചെലവില്ലാതെ ജനറൽ ആശുപത്രിയിൽ നിർവഹിക്കുന്നത്. മൂത്രാശയത്തിലെയും വൃക്കയിലെയും മൂത്രവാഹിനി കുഴലിലെയും കല്ല് കണ്ടെത്തി പൊടിച്ചുകളയുകയാണ്  ചെയ്യുന്നത്. ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകളൊന്നും രോഗി അനുഭവിക്കേണ്ടിവരുന്നില്ല. 
ഇപ്പോഴുള്ള അത്യാധുനിക യന്ത്ര സംവിധാനത്തിന് അനുബന്ധമായി സിആം എന്ന ഉപകരണം കൂടി  ആവശ്യമാണ്. പത്ത്ലക്ഷം രൂപ വിലവരുന്ന ഈ മെഷീൻ വാങ്ങുന്നതിന് പർച്ചേസ് കമ്മിറ്റി അംഗീകാരം നൽകുകയും നടപടി പൂർത്തിയായി വരികയുമാണ്. ജനറൽ ആശുപത്രി യൂറോളജി വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലേസർ ലിത്തോ ട്രിപ്സ്  മെഷീൻ അനുവദിച്ച മന്ത്രി കെ കെ ശൈലജക്കും അതിനായി ഇടപെട്ട എ എൻ ഷംസീർ എംഎൽഎക്കും നന്ദി പറയുകയാണിപ്പോൾ നാട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top