23 September Sunday

ആലാപനശ്രുതി ചേർന്ന് രാഗസായന്തനം

ജയകൃഷ്ണൻ നരിക്കുട്ടിUpdated: Friday Mar 9, 2018

ദേശാഭിമാനി‐ടി പത്മനാഭൻ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺസ്‌്ക്വയറിൽ നാഗരാജ്‌റാവുഹവൽദാറും സംഘവും കച്ചേരി അവതരിപ്പിക്കുന്നു. /പി ദിലീപ്‌കുമാർ

കണ്ണൂർ > ചുറ്റും പരന്നു തുടങ്ങിയ സന്ധ്യയെ തഴുകി, പണ്ഡിറ്റ് നാഗരാജ് റാവു ഹവൽദാർ പതിയെയാണ് പാടിത്തുടങ്ങിയത്. മുന്നിലിരുന്ന കഥാകാരൻ അതിൽ മുഴുകി; ഏതോ ഓർമകളിലേക്കെന്നപോലെ. 
ദേശാഭിമാനി ടി പത്മനാഭൻ സാംസ്കാരികോത്സവത്തിലെ ചൂടുപിടിച്ച സാഹിത്യ സെമിനാറിന് തിരശ്ശീല താഴുമ്പോൾ സായംസന്ധ്യ കണ്ണൂർ ചത്വരത്തിൽ നിഴൽ വീഴ്ത്തിയിരുന്നു. 
വിഖ്യാത ഹിന്ദുസ്ഥാനി ഗായകൻ പണ്ഡിറ്റ് നാഗരാജ് റാവുവും അദ്ദേഹത്തിന്റെ പുത്രൻ ഓംകാർ നാഥ് ഹവൽദാറും പാടിത്തുടങ്ങി. തബലയിൽ ഇളയമകൻ കേദാർനാഥ് ഹവൽദാറും ഹാർമോണിയത്തിൽ സഹോദരപുത്രൻ സമീർ ഹവൽദാറും അകമ്പടി ചേർന്നു. 
ഒരു കുഞ്ഞരുവി ഒഴുകുന്നതുപോലെയായിരുന്നു തുടക്കം. പിന്നെ കടലെന്നപോലെ ആരോഹണത്തിലും അവരോഹണത്തിലും ഹവൽദാർ പാടി.  തബലയും ഹാർമോണിയവും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പുതിയ അനുഭവത്തിലേക്ക് ആസ്വാദകരെ ആനയിച്ചു.  
പൂരകല്യാണിൽ ദേവദേവ ജഗദീശ്വര പാടിയായിരുന്നു തുടക്കം. യമുനാനദിയുടെ തീരത്ത് വേണുഗാനമുയർന്നു. കൃഷ്ണനും ഗോപികമാരും യമുനയിൽ നീരാടി. ആസ്വാദകരും അലിഞ്ഞില്ലാതായി. അടുത്തത് ദർബാരി കാനടയിലായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  കവിത ഗസൽ. നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരൻ ഞാൻ. വിലാപത്തിൻ നദിപോലുള്ളൊരു പാത താണ്ടുമ്പോൾ. ഹവൽദാർ കുടുംബം പാടുകയായിരുന്നില്ല. ആ നദിയിലേക്ക് ആസ്വദകനെ കൊണ്ടുപോവുകയായിരുന്നു. പിന്നാലെയെത്തിയത് ഓംകാർനാഥ്  ചിട്ടപ്പെടുത്തിയ കവിത.
 പ്രിയപ്പെട്ട കവി സച്ചിദാനന്ദന്റെ 'ഒടുവിൽ ഞാൻ ഒറ്റയ്ക്കാകുമ്പോൾ'എന്ന കവിത. ഓംകാരനാഥിനൊപ്പം പിതാവിന്റെ ശിഷ്യരായ കോഴിക്കോട്ടുകാരി മഴയും കോട്ടയംകാരി ജറിൻ അന്നജോണും. ചുമലിൽ ഇരുന്നാ മഴപ്പക്ഷി പാടിയ വിറയാർന്ന പാട്ടുതോരുമ്പോൾ...... ജോഗ്രാഗത്തിലായിരുന്നു ആ ഹിന്ദുസ്ഥാനി ഗാനം. മലയാളശബ്ദവും ചേർന്നപ്പോൾ ഗൃഹാതുരത്വത്താൽ  ആസ്വാദകമനം തരളിതം.  പത്മനാഭൻ കഥകളിലെ കഥാപത്രങ്ങളെപോലെ എല്ലാ വേദനകളും മറന്നുപോകുന്ന നിമിഷങ്ങൾ. തനിക്ക് ചുറ്റും ഒഴുകിപ്പരക്കുന്ന  ഹിന്ദുസ്ഥാനി സംഗീതത്തിനുമുന്നിൽ കഥാകാരൻ മണിക്കൂറുകളോളം എല്ലാം മറന്നിരുന്നു. ഒപ്പം സംഗീതത്തെ സ്നേഹിക്കുന്നവരും.  വീണ്ടും വന്നു മലയാളം വരികൾ. എ അയ്യപ്പന്റെ ഗ്രീഷ്മമേ സഖി എന്ന കവിത. മിയ മൽഹാറിലായിരുന്നു ആലാപനം.   
നാഗരാജ് ഹവൽദാർ പാടുമ്പോൾ ഓർമകളിലേക്ക് വന്നത് ഭീംസെൻ ജോഷിയുടെ ശൈലി. ഹിന്ദുസ്ഥാനി സംഗീതത്തിൽ മലയാളം കവിത ലയിക്കുമ്പോൾ ചിട്ടവിട്ടു പോകാതെ ഹവിൽദാർ കുടുംബം. കിരാന ഖരാനയിൽനിന്ന് ആർജിച്ച സംഗീതം ആസ്വാദകരിൽ പകർന്നത് സവിശേഷതയാർന്ന പ്രകാശം.

 

പ്രധാന വാർത്തകൾ
Top