11 December Tuesday

പ്രതിമകൾ തച്ചുടക്കുന്നവർക്ക് വിമോചന ആശയങ്ങളെ തകർക്കാനാവില്ല: എം മുകുന്ദൻ

സ്വന്തം ലേഖകൻUpdated: Friday Mar 9, 2018

ദേശാഭിമാനി ടി പത്മനാഭൻ സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ > ലെനിൻ പ്രതിമകൾ തച്ചുടച്ചും അംബേദ്കർ പ്രതിമ തകർത്തും അതുൾക്കൊള്ളുന്ന വിമോചന ആശയങ്ങളെ തകർക്കാനാവില്ലെന്ന് സാഹിത്യകാരൻ എം മുകുന്ദൻ. ദേശാഭിമാനി ടി പത്മനാഭൻ സാംസ്കാരികോത്സവത്തിൽ സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ കണ്ണീര് കാണാൻ അർഥശൂന്യമായ ആശയങ്ങളും ബിംബങ്ങളും പ്രചരിപ്പിക്കുകയാണിവിടെ. അടുത്ത കാലത്തായി സംഘപരിവാരങ്ങൾ പറഞ്ഞത് മയിൽ ബ്രഹ്മചാരിയാണെന്നും അവ ഇണചേരാറില്ലെ ന്നുമാണ്. ആൺ മയിലിന്റെ കണ്ണീരിൽനിന്നാണത്രെ പെൺമയിൽ ഗർഭം ധരിക്കുന്നത്. ആൺ മയിലിന്റെമാത്രമല്ല മനുഷ്യന്റെ കണ്ണീരും അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവർ നമ്മളെ ഷണ്ഡീകരിക്കാൻ ശ്രമിക്കുന്നത്. ഇത്തരം കാപട്യങ്ങളിൽനിന്ന് മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാൻ തങ്ങളുടെ സൃഷ്ടികളിലൂടെ എഴുത്തുകാർക്ക് കഴിയും. വിപൽക്കരമായ ഇക്കാലത്ത് എഴുത്തുകാർക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. 
പത്മനാഭന്റെ കഥകളിൽ സാമൂഹ്യപ്രശ്നങ്ങൾ കാണുന്നില്ലെ ന്നാണ് വിമർശം. അദ്ദേഹത്തിന്റെ കഥയിൽ അത്തരം സൂചനകൾ നിരവധി കാണാം. സാക്ഷി എന്ന കഥയിൽ പുറമ്പോക്ക് ഭൂമി കൈയേറുന്നയാളാണ് കഥാപാത്രം. അനിയന്ത്രിതമായ നഗരവൽക്കരണത്തിലൂടെ പ്രകൃതിനാശമുണ്ടാകുമെന്ന് എൺപതുകളിൽതന്നെ അദ്ദേഹം കഥകളിലൂടെ നിരീക്ഷിക്കുന്നു. ഡൽഹി എന്ന കഥയിൽ രാജാക്കന്മാരും വേശ്യകളും കൊള്ളക്കാരുമുള്ള നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഭാഷപോലും കാലാനുസരണം മാറുമെന്ന് പത്മനാഭൻ ആ കഥയിൽ  തെളിയിക്കുന്നു. പറയേണ്ട കാര്യങ്ങൾ മുഖത്തുനോക്കി പറയാനുള്ള ആർജവം പ്രകടിപ്പിച്ച എഴുത്തുകാരനാണ് പത്മനാഭൻ. ആളുകളെ പ്രകോപിപ്പിക്കാനും ചൊടിപ്പിക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. എഴുതുന്നത് വായനക്കാർക്കുവേണ്ടിയാണ്. അദ്ദേഹത്തിന്റെ അറുപത് വയസ് പിന്നിടുന്ന ഭാഷപോലും ഇപ്പോൾ ജനിച്ചതുപോലെയാണ്. ഭാഷയുടെ നൈർമല്യം എന്നും കാത്തുസൂക്ഷിക്കുന്നു. 
വായനക്കാരുടെ ഭാവുകത്വം മാറിക്കൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ച് മാറാൻ എഴുത്തിന്റെ രീതി മാറ്റേണ്ടിവന്നവരാണ് താനടക്കമുള്ള എഴുത്തുകാർ. എഴുത്തിൽ ഒരിക്കലും കാലഹരണപ്പെടുന്നില്ല എന്നതാണ് പത്മനാഭൻമാജിക്. അദ്ദേഹത്തിന്റെ കഥകൾ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്ന വിമർശവും അടിസ്ഥാനമില്ലാത്തതാണെന്ന് മുകുന്ദൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top